സീന്‍ ഒന്ന്:
ചെക്കിന്‍ ചെയ്തും ലഗ്ഗേജിനായി കാത്തിരുന്നും സമയം കളയുന്നതു ലാഭിക്കാനായി രണ്ടാഴ്ച്ചത്തെ താമസവസ്തുക്കളൊക്കെ ഒരു ചെറിയ പെട്ടിക്കുള്ളില്‍ കുത്തിനിറച്ച ഒരു ഹതഭാഗ്യന്‍. അന്യന്റെ സീറ്റിനു മുകളിലുള്ള കമ്പാര്‍ട്ട്മെന്റ്റ് കയ്യടക്കിയിട്ട് “ഞാനെന്നുമറിണ്‍ഞ്ഞില്ലേ രാമനാരായണാ“എന്ന മട്ടില്‍ നിര്‍വ്വികാരതയോടിരിക്കുന്ന ഒരു ഭാരതീയ കുടുംബം.
വിമാനത്തിന്റെ ഇടനാഴിയില്‍ നില്ക്കുന്ന നിസഹായന്റെ അടുത്തേയ്ക്ക് അതാ വരുന്നു സുസ്മേര വദനയായി ഒരു “വായുവിലെ പരിചാരിക.”
“ക്ഷമിക്കണം സര്‍, താങ്കളുടെ ലഗ്ഗേജ് സൌകര്യപൂര്‍വ്വം വയ്ക്കാനാകാത്തതില്‍ ഞങ്ങള്‍ക്ക് അതിയായ ഖേദമുണ്ട്. ദയവായി ഇത് എനിക്കു തരിക. താങ്കള്‍ ലക്ഷ്യത്തിലെത്തുമ്പോള്‍ താങ്കളെ കണ്ടു പിടിച്ച് ഞാന്‍ ഇത് എത്തിച്ചുകൊള്ളാം...”
ഒരു പെട്ടി കൊണ്ടു വരേണ്ടിയിരുന്നില്ലെന്നു തോന്നും വിധം...
******************************************************************************************
സീന്‍ രണ്ട്:
ഒരല്‍പ്പം പടിഞ്ഞാറ്. ഒരല്‍പ്പമെന്ന് പറഞ്ഞാല്‍ പോരാ, പടിഞ്ഞാറിന്റെ അങ്ങേയറ്റം. എല്ലാം ആപേക്ഷികമാണല്ലോ.
മുകളിലെ സീനിന്റെ ആദ്യഭാഗത്തിന്റെ ആവര്‍ത്തനം. പൂര്‍വ്വ സമാഗമത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി സ്വര്‍ഗകന്യകയെക്കാത്ത് ഹതഭാഗ്യന്‍ ഇടനാഴിയില്‍. വ്യതാസം, അത് വിമാനം നമ്പര്‍ വണ്‍. ഇത് വിമാനം നമ്പര്‍ റ്റു.
ഓക്കെ. മുഹമ്മദ് മലയുടെ അടുത്തേയ്ക്ക് പോകേണ്ട സമയമായെന്ന് തോന്നുന്നു. ഏതോ ധര്‍മ്മയോഗത്താല്‍ വായുവിലെ പരിചാരികയാകേണ്ടതായി വന്ന മട്ടില്‍ ഒരു ഉല്‍പ്പ്രേക്ഷയും ഘടിപ്പിച്ചു നില്‍ക്കുന്ന നിര്‍വികാരിണിയുടെ മുന്നില്‍ എന്തോ വലിയ കുറ്റം ചെയ്ത പോലെ പ്രശ്നം അവതരിപ്പിച്ചു.
“മഡാം, സ്ഥലം നഹിം. എന്ന സൈവത്?”
ആദ്യമായി വിമാനത്തില്‍ കയറുന്ന അപ്പാവി, നിനക്കിതൊന്നും ഇനിയുമറിയില്ലേ എന്ന മട്ടില്‍, “ആഞെലിനോസ്” ആംഗലേയത്തില്‍, അമ്മായി പരത്തി ഒന്ന് വിളമ്പി.
“വിമാനത്തില്‍ കയറുന്ന എല്ലാവര്‍ക്കും ലഗ്ഗേജ് വയ്ക്കാനുള്ള സ്ഥലം ഇതിനകത്തുണ്ട്.”
വല്ല ഉത്തരേന്ത്യന്‍ രാജാക്കന്മാരുമായിരുന്നെങ്കില്‍ ഈ “ശായരി” കേട്ട് ഒന്നു കൈയ്യടിച്ച് “വാഹ്... വാഹ്...” പറഞ്ഞേനെ.
“മോന് ദിനേശ്, നീയായി, നിന്റെ പെട്ടിയായി. നിനക്കു വേണമെങ്കില്‍ സ്ഥലം കണ്ടുപിടിച്ചു കൊണ്ടു വയ്ക്കൂ” എന്നു എവിടുന്നോ ഒരു മലയാള പരിഭാഷ കേട്ടു.
ധന്യനായ അദ്ദേഹം കാലിനും അടുത്ത സീറ്റിനും ഇടയിലുള്ള അരയിഞ്ചു സ്ഥലത്ത് ആ ചതുരക്കഷണം കുത്തിത്തിരുകി അടുത്ത അഞ്ചുമണിക്കൂര്‍ യാത്ര ചെയ്തു.
******************************************************************************************
വര്‍ഷാവര്‍ഷങ്ങളായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്തുകൊണ്ടാണു എല്ലാ റേറ്റിങ്ങുകളിലും ആദ്യത്തെ മൂന്ന്
സ്ഥാനങ്ങളിലെങ്കിലുമുണ്ടാവുകയെന്ന് വ്യക്തമായി. അവസാന സ്ഥാനത്തിനുള്ള മത്സരത്തിലെ മൂന്ന് എന്ട്രികളിലും ഒരേ പേര്‍ തന്നെയായിരുന്നത്രേ.
“യുണൈറ്റഡ് ഏയര്‍ലൈന്‍സ്”
(ഇന്ത്യന്‍ എയര്‍ ലൈന്‍സ് മത്സരത്തില്‍ പങ്കെടുത്തില്ലെന്നറിയുന്നു.)
1 comment:
യുണൈറ്റ്ഡിന്റെ സര്‍വ്വീസ് മോശമാണ് എന്നു കേട്ടിരുന്നു. സിംഗപൂര്‍ എയര്‍ലൈന്‍സിലെ എന്റെ അനുഭവം വളരെ നല്ലതാണ്.
നല്ല പോസ്റ്റ്
Post a Comment