Saturday, November 17, 2012

നവംബര്‍ പതിനാറ്

നവംബര്‍ പതിനാറ് 

പാതിയിലെത്തുന്ന ജീവിത യാത്ര തന്‍ 
പാതയോരത്തില്‍ പടവിലായി 
പാവന കോമാളമോമാനേയീദിനം 
പാരിതില്‍ മോഹനമാക്കിടാം നാം 

ഓര്‍മതന്‍ പുസ്തക ശാലയിതിലായി 
ഓമനേയിന്നു നമുക്കിറങ്ങാം 
ഒന്നായ്‌ രചിച്ചോരീയനുരാഗരാഗങ്ങള്‍ 
ഒരുവട്ടം കൂടിയോന്നോര്‍ത്തെടുക്കാം 

മോഹന മാധുര്യ വാക്കുകളില്ലാത്ത 
മോഹങ്ങളില്ലാത്ത താളങ്ങളില്‍ 
വര്‍ണ്ണോജ്ജ്വലങ്ങളല്ലാത്തയാ വീഥികള്‍ 
നിന്‍ മുന്നിലൂടെ കടന്നു പോകും 

എങ്കിലുമെന്‍ പ്രിയേ നിന്‍ മിഴി സ്പര്‍ശത്താല്‍ 
വിരസമീയിതളുകള്‍ പുളകിതരാകവേ 
എന്‍ പ്രാണരക്തത്താല്‍ ചാലിച്ചെഴുതിയൊ-
രനുരാഗഗീതികളിന്നുകാണും
അതിലെന്റെയുള്ളിന്റെ ഉള്ളു നീ കാണും 
അതിലെന്റെയാത്മാവലിഞ്ഞതുകാണും

സര്‍വേശ സാന്നിദ്ധ്യ പൊന്‍കൃപയാലോടെ 
ഐശ്വര്യ സമ്പന്ന സംതൃപ്തയാമൊരു
ജന്മദിനത്തിന്റെയാശംസകള്‍!
അനിവാര്യ നിര്‍വാണമാ പൊന്‍ വഴിയതില്‍ 
ഒരുദിനം മുന്നേ ഞാന്‍ കാത്തു നില്കാം 
നമുക്കീ ജന്മമായ് പുനര്‍ജനിക്കാം...(2)

+++++

സ്വാതി അതിനു സംഗീതം നല്‍കി അനശ്വരമാക്കിയിരിക്കുന്നു, ഇവിടെ :
http://www.youtube.com/watch?v=xc_Gb7gvszY

:-)

ആശംസകള്‍, ഉമ:-) 

Wednesday, August 29, 2012

Dimond Necklace

"ലാല്‍ ജോസിന്റെ സംവിധാനം അല്ലേ മിനിമം ഗ്യാരന്റി ഉറപ്പാ..."
അത്ര പ്രതീക്ഷ ഇല്ലായിരുന്നു, എന്നാലും സിനിമ നന്നായി.
പൊതുവേ സുപ്പര്‍ സ്റാരുകളുടെ സാന്നിധ്യത്തില്‍ തകര്‍ന്നു പോകുന്ന സംവിധായകന്റെ മനോധൈര്യക്കുറവ്  ഈ സിനിമയ്ക്കില്ല.


എടുത്ത് പറയാവുന്നത് പുതുമുഖങ്ങളുടെ അഭിനയ മികവും പറയാന്‍ ശ്രമിക്കുന്ന മൂല്യങ്ങളുമാണ്. മലയാള സിനിമയുടെ ഭാവി തികച്ചും സുരക്ഷിതമാണെന്ന് തോന്നും വിധത്തിലാണ് ഗൌതമി നായരും അനുശ്രീയും അഭിനയിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍ വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ടു തന്നെ തന്മയത്വതില്‍ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു. വളരെ ഇരുത്തം വന്ന നടിയായി മാറിക്കഴിഞ്ഞിരിക്കുന്ന സംവൃത അവരുടെ വ്യക്തിജീവിതത്തിലെന്നപോലെ വളരെ ഗൌരവമേറിയ ഒരു ഭാഗം അവതരിപ്പിച്ചിരിക്കുന്നു.

പാട്ടുകളില്‍ ആദ്യത്തെ കൂത്താട്ടം ഒഴിച്ചാല്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചില ഗാനങ്ങളാവുമെന്നു സംശ യലേശമന്യേ പറയാം.  വിദ്യാസാഗരിന്റെ അമൂല്യമായ സംവിധാനത്തില്‍ എളിമയുടെ ഗോപുരത്തില്‍ നിന്ന് നജിം അര്‍ഷാദ് - അഭിരാമി അജയന്‍ പാടിയ പാട്ട് ശരിക്കും നമ്മെ തൊട്ടുണര്‍ത്തും. നിവാസ് എന്ന ശ്രീനിവാസ് ആദ്യമായി പാടിയതാണെന്ന് തോന്നാത്ത നിലാമലര്‍... പൊതുവേ പാട്ടുകാരിലെ പുതുമ പാട്ടിലും തെളിഞ്ഞുകാണാം.


സിനിമയെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഈയടുത്തകാലത്ത് "പുതിയ തലമുറ"കാണുന്നതരത്തിലുള്ള നിര്‍ഗളമായ പ്രവാഹമോ കല്ലുകടികളില്ലായ്മയോ ഇല്ലാത്ത സിനിമയാണിത്. അത്രത്തോളം വിശ്വസനീയമല്ല എന്ന് അര്‍ത്ഥത്തില്‍. എന്നാല്‍ അവിടവിടെയുള്ള ആ പ്രതീക്ഷയുടെ സ്ഫുരണങ്ങള്‍ ആര്‍ക്കും വിസ്മരിക്കാനാവില്ല. ഒരു സുഹൃത്തിന്റെ ആത്മാര്‍ത്ഥസ്നേഹം, പ്രണയത്തിന്റെ പല മുഖങ്ങള്‍ (ഭാര്യയുടെ, കാമുകിയുടെ, സുഹൃത്തിന്റെ) ഒരു രക്ഷകന്റെ തീവ്ര ശ്രമം അവസാന നിമിഷം വരെ മനുഷ്യ മനസ്സില്‍ തങ്ങി നില്‍ക്കുന്ന നന്മ അങ്ങിനെ പലതും.


സമയമുണ്ടെങ്കില്‍ കാണാം. കണ്ടില്ലെങ്കില്‍ വലിയ നഷ്ടം വരാനില്ല. പാട്ടുകള്‍ കേള്‍ക്കാന്‍ മറക്കരുത്.

Thursday, June 21, 2012

ഞാൻ ഗന്ധർവൻ

(ശ്രീ. ടോം മങ്ങാട്ടിന്റെ നിരന്തര ഭീഷണികള്‍ക്ക് വഴങ്ങി "ഇന്ദുലേഖയ്കായി" പദ്മരാജന്‍ അനുസ്മരണത്തിന്റെ ഭാഗമായി എഴുതിയത്. - സര്‍, നന്ദി.)


അത് ഇവിടെ 

ഗുഡ്‌നൈറ്റ് ഫിലിംസിന്റെ ബാനറിൽ ആർ മോഹൻ നിർമിച്ച് 1991-ൽ പുറത്തുവന്നതാണ് പത്മരാജന്റെ അവസാന സിനിമാസംരംഭമായ ‘ഞാൻ ഗന്ധർവൻ’. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എല്ലാം നിർവഹിച്ചിരിക്കുന്നത് പത്മരാജൻ.

(പത്തിരുപത് വർഷം മുൻപ് കണ്ട ഒരു സിനിമ. നാലുകെട്ടിലെ അപ്പുണ്ണിയെയും കാലത്തിലെ സേതുവിനേയുമൊക്കെ വഴിയിലെപ്പോഴോ നഷ്ടപ്പെട്ടതുപോലെ കാലത്തിന്റെ ഇരുമ്പുദണ്ഡ് ഗന്ധർവന്റെ ഓർമകളേയും തകർത്തുതരിപ്പണമാക്കിയിട്ടുണ്ടാവുമോ എന്നൊരു ആശങ്കയോടെയാണ് എഴുത്ത് തുടങ്ങിയയത്. പക്ഷേ, കാലത്തിന് പറിച്ചുമാറ്റാനാവാതെ കുറച്ചൊക്കെ പൂർവ്വാശ്രമങ്ങൾ ഇനിയും ബാക്കിയുണ്ട്! പത്മരാജൻ എന്ന ശക്തനായ കഥാകാരനെ ഓർക്കാനുള്ള ഇന്ദുലേഖയുടെ ഈ സംരംഭത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.)

സമ്പന്നയെങ്കിലും നിഷ്‌കളങ്കയും സുന്ദരിയും യൗവനയുക്തയുമായ ഭാമ (സുപർണ) എന്ന യുവതിയിൽ ഒരു ഗന്ധർവൻ (നിതീഷ് ഭരദ്വാജ്) കുടിയേറുന്നു. പ്രണയത്തിന്റെ മധുരദിനങ്ങളിലൂടെ, ദുർഘടങ്ങളിലൂടെ അവർ മുന്നേറുന്നു. ഗന്ധർവൻ തന്റെ ഭൂമിയിലെ വാസം അവസാനിപ്പിച്ച് തിരിച്ചുപോകേണ്ടത് പെൺകൊടിയുടെ കന്യകാത്വം കവർന്നുകൊണ്ടാകണം. ഗന്ധർവലോകത്തെ നിയമങ്ങൾ തെറ്റിച്ച് മനുഷ്യനായി മാറി ഭാമയോടൊപ്പം ജീവിക്കാനാഗ്രഹിച്ച ഗന്ധർവൻ അതിനുകഴിയാതാകുമ്പോൾ കടുത്ത ശിക്ഷകൾ അനുഭവിച്ചുകൊണ്ട് ഭാമയുമായുള്ള ഓർമകളിൽ ജീവിക്കാൻ തയ്യാറാവുന്നു. എന്നാൽ ഭാമ, പ്രണയത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ചുകൊണ്ട്, ഗന്ധർവന്റെ ശിക്ഷകളുടെ കാഠിന്യം കുറയ്‌ക്കാനായി, ഗന്ധർവനു സ്വയം സമർപ്പിക്കുന്നു.

പൊതുവേ പത്മരാജന്റെ സിനിമകൾക്കുള്ള നിഗൂഢതകളോ പ്രേക്ഷകർക്ക് അതിരുകളില്ലാതെ സങ്കല്പിച്ച് ആനന്ദിക്കാനുള്ള വകകളോ ഒന്നും പ്രത്യേകമായി ഇല്ല ഞാൻ ഗന്ധർവനൈൽ. (ക്ലാര എന്ന തുമ്പിയെ പത്മരാജന്‍ പോലുമുദ്ദേശിക്കാത്ത എന്തെല്ലാം വസ്ത്രങ്ങളാണ് നമ്മള്‍ ഉടുപ്പിച്ചത്!) എങ്കിലും ഈ സിനിമയിലൂടെയുള്ള യാത്ര നമ്മെ ശരിക്കും പിടിച്ചുലയ്‌ക്കും. വീക്ഷണങ്ങളെ വിവിധ വികാരപ്രയോഗങ്ങൾക്ക് വിധേയമാക്കി പുതിയ കോണുകളിലൂടെ നിരീക്ഷിക്കാനുള്ള അവസരം. മുഷിഞ്ഞ വസ്ത്രങ്ങൾ ഒരു അലക്കുയന്ത്രത്തിൽ നിന്ന് പുത്തൻ ഉണർവോടെ പുറത്തുവരുന്ന അവസ്ഥ.

മനസ്സിനെ വികാരതീക്ഷ്‌ണമാക്കുന്ന ഒരുപാടു രംഗങ്ങള്‍. അവയെല്ലാം കോര്‍ത്തിണക്കി പ്രണയത്തില്‍ ചാലിച്ച് ആരുടെയും മനസ്സിളക്കാന്‍ പാകത്തില്‍ അത്രയ്ക്ക് വിശ്വസനീയമായ ഒരു കള്ളക്കഥയും. പത്മരാജന്‍ എന്ന കഥാകാരന്റെ പ്രഭാവം എത്രത്തോളം ഉണ്ടെന്നുള്ളതിന്റെ തെളിവ് ഇനി എന്തുവേണം!

സിനിമ ഏറ്റവും പൂർണ്ണമായ ഒരു കലാരൂപമാണ്. പത്മരാജന്റെ വിരലടയാളം ഓരോ ഫ്രെയിമിലും പതിഞ്ഞുകിടക്കുന്ന സിനിമയാണ് ഞാൻ ഗന്ധർവൻ. തുടക്കത്തിലെ 30 മിനിട്ട് ശ്രദ്ധിക്കുക. സംഭാഷണങ്ങൾ വളരെ വിരളം. എങ്കിലോ, ശരിക്കും ജിജ്ഞാസയോടെ ഇനിയെന്ത് എന്ന നിലയിൽ നമ്മെ പിടിച്ചിരുത്തുന്ന രീതിയിൽ മുന്നേറുന്ന സീക്വൻസുകൾ. സിനിമയിൽ അത്യധികം വ്യാപിച്ചിരിക്കുന്ന ഒരാളിനുപോലും, ക്യാമറയല്ല, മുന്നിൽ ജീവിതം തന്നെ കാണാൻ കഴിയുമെങ്കിൽ അത് സിനിമയുടെ ഏറ്റവും വലിയ വിജയം തന്നെയല്ലേ?

പ്രതിഭയുടെ മിന്നൽ പിണറുകൾ പലരീതിയിൽ പലയിടങ്ങളിലായി വീശുമ്പോൾ വികാരവിക്ഷോഭങ്ങളുടെ ഒരു ഇരുട്ടിന്റെ നനുത്ത തണുപ്പത്ത് ഗന്ധർവൻ ആദ്യം പ്രത്യക്ഷപ്പെടുമ്പോൾ കോരിത്തരിക്കാത്തവരായി ആരെങ്കിലും ഉണ്ടാവുമോ? ദൈവത്തിന്റെ കോപത്തിനിരയായി ചുട്ടുപഴുത്ത ലോഹരൂപങ്ങളെ പുണർന്ന് കിടക്കുമ്പോൾ തനിക്കു പൊള്ളില്ലെന്ന ഗന്ധർവന്റെ ആത്മഗതത്തിന്  “പക്ഷേ… എനിക്കു പൊള്ളും” എന്ന് നായിക മറുപടി കൊടുക്കുമ്പോൾ, തേങ്ങാത്ത, അതോർത്ത് സ്നേഹത്തിന്റെ ആഴത്തെപ്പറ്റി വീണ്ടും വീണ്ടും വീണ്ടുമാലോചിക്കാത്ത ഒരു സഹൃദയനെങ്കിലുമുണ്ടാവുമോ? 2011-ലെ എത്ര സിനിമകളിലെ രംഗങ്ങൾ നമ്മുടെയൊക്കെ മനസ്സിൽ ഇങ്ങനെ പതിഞ്ഞുകിടക്കുന്നു..?

Nitish and Suparna
Nitish and Suparna

വൈശാലിയിൽ നിന്ന് ഞാൻ ഗന്ധർവനിലേക്ക് എത്തുമ്പോൾ സുപർണ്ണ ഇരുത്തം വന്ന ഒരു നടിയായി മാറിയിരുന്നു. നിതീഷ് ഭരദ്വാജിന് അല്പം അതിഭാവുകത്വമുണ്ടെങ്കിലും പതിവുമുഖങ്ങളിൽ നിന്ന് വ്യത്യസ്തനെന്ന നിലയിൽ ഗന്ധർവനായി പതിയാൻ കഴിഞ്ഞത് തികച്ചും ഗംഭീരമായിത്തന്നെ. (നായികാ നായകന്മാർ ഒരേ ഒരു വേഷം മാത്രമേ അവരവരുടെ ജിവിത കാലത്ത് സിനിമയിൽ ചെയ്യാൻ പാടുള്ളൂ. അപ്പോൾ ആസ്വാദകരുടെ മനസ്സിലെ അനശ്വര ചിത്രമായി അവർക്ക് ലോകാവസാനം വരെ കഴിയാം!) ഫിലോമിനയുടെ അമ്മൂമ്മയും ഗണേഷ് കുമാറിന്റെ ദീപുവും നീതി പുലര്‍ത്തിയിരിക്കുന്നു.

കൈതപ്രം എഴുതി യേശുദാസും ചിത്രയും ചേർന്നു പാടിയിരിക്കുന്ന പാട്ടുകൾ ഇക്കാലത്തും എക്കാലത്തും നമ്മുടെ ചുണ്ടുകളിലുണ്ടാവും. പാലപ്പൂവിനോടാണോ താലി ചോദിക്കേണ്ടതെന്ന് ചിലരൊക്കെ അന്നു പരിഹസിച്ചെങ്കിലും വയലാറിനു ശേഷം കൈതപ്രത്തിന്റെ നിലവാരത്തിൽ മലയാളത്തനിമ ഉണർത്താൻ കഴിവുള്ള ഒരു കവിയുണ്ടാകുമോ! ഗാന ഗന്ധർവന്റെയും ചിത്രയുടെയും ശബ്‌ദങ്ങളിലൂടെ അത് അനിർവചനീയ തലങ്ങളിലെത്തുന്നു. ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകത്തിന്റെ വിഷാദവും സഖിയോടൊപ്പം ചേരാനുള്ള വ്യഗ്രതയും ആവാഹിച്ചിരിക്കുന്ന ഗാനവും തികച്ചും ആസ്വാദ്യം തന്നെ.

ഇന്നത്തെ അളവുകോൽ വച്ച്, പത്മരാജന്റെ സിനിമകളിൽ വില്പനസാധ്യത ഏറ്റവും പ്രകടമായി നിൽക്കുന്ന ഒരു ചിത്രമെന്ന തോന്നലാണ് ഞാൻ ഗന്ധർവനുണ്ടാക്കുന്നത്. ഇന്നായിരുന്നെങ്കിൽ അമ്മൂമ്മ ചെറുമകളെ അണിയിക്കുന്ന ആ അരഞ്ഞാണത്തിന്റെയും കൊലുസിന്റേയും ധർമപിതൃത്വം ഏറ്റെടുക്കാൻ എത്രയെത്രെ സ്വർണക്കടക്കാർ കാവൽ കിടന്നേനെ! സൂക്ഷ്‌മമാക്കാവുന്ന ചിലതൊക്കെ സ്ഥൂലീകരിക്കുന്നുണ്ട് പത്മരാജൻ. ശ്രീകൃഷ്ണപ്രതിഭയോടെ നിതീഷ് ഭരദ്വാജും എന്തിനും തയാറായി സുപർണ്ണയും കൂടെയുള്ളപ്പോള്‍ അങ്ങനെ ചെയ്യുന്നതിൽ തെറ്റില്ല താനും. മരിച്ചുകിടക്കുന്ന ഒരു പെൺകുട്ടിയുടെ ജാക്കറ്റിൽ നിന്ന് മരണക്കുറിപ്പെടുക്കുമ്പോൾക്കൂടി ‘സുനീലാഗ്രകൊങ്കയെ ‘ ഒന്ന് ഒളിഞ്ഞുനോക്കുന്നത് പണ്ടേ പതിവുള്ളതാണല്ലോ. (ആദ്യകാല മലയാള കൃതികളിലെ ഭോഗാസക്തമായ കാമത്തെപ്പറ്റി ഓർക്കുക.)

കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിലെ നാടകീയതയ്‌ക്കാവണം ചില അരോചകങ്ങളായി തോന്നിയ വസ്‌തുക്കളെയും രംഗങ്ങളെയും സൃഷ്‌ടിച്ചിരിക്കുന്നത്. മുറച്ചെറുക്കന്റെ ബുള്ളറ്റിനെ തോല്പിക്കുന്നതിന് അതിമാനുഷികപരിവേഷം കൊടുക്കുന്നതിനുള്ള വ്യഗ്രതയില്‍, ഇത്രയും ‘ചുള്ളനായ’ ഗന്ധര്‍വന്റെ കൈയില്‍ അന്നത്തെ താരമായിരുന്ന RX 100 പോലെ എന്തെങ്കിലും ആവാമായിരുന്നു എന്നത് മറന്നു. മുട്ടയും മീനുമൊന്നും കൈകൊണ്ടു തൊടാത്ത ഗന്ധര്‍വന്‍ മയങ്ങിക്കിടക്കുന്ന തവളയെ കീറിമുറിച്ച് ഹിംസയ്‌ക്കു തയാറാവുന്നതിന്റെ കാരണവും ഇതുതന്നെയായിരിക്കണം. സൂപ്പര്‍ മാര്‍ക്കറ്റില്‍ എണ്ണയില്‍ കുളിച്ച് പിന്നെയും പിന്നെയും അടിതെറ്റി വിഴുന്ന ദീപുവിനെക്കണ്ട് നേഴ്‌സറി കുട്ടികളെങ്കിലും ചിരിക്കാതിരിക്കില്ല. അങ്ങനെ ചില കരടുകള്‍.

കല കലയ്‌ക്കാണോ ജിവിതത്തിനാണോ സമൂഹത്തിനാണോ എന്നത് ഉല്‍പ്പത്തി മുതല്‍ തർക്കവിഷയമാണ്. എന്താണ് ഈ സിനിമയുടെ സാമൂഹിക പ്രതിബദ്ധത? ഈ സിനിമ കഴിഞ്ഞ് എത്ര കന്യകമാര്‍ ഗന്ധര്‍വന്മാരെ സ്വപ്നം കണ്ട് ഉറങ്ങിയിട്ടുണ്ടാവും! എത്ര പേര്‍ കടൽത്തീരരത്തുകൂടി നടക്കുമ്പോള്‍ ഒരു ഗന്ധര്‍വ പ്രതിമ കിട്ടണേ എന്ന് മനമുരുകി പ്രാർത്ഥിച്ചിട്ടുണ്ടാവും! പുറത്ത് മഴ കോരിച്ചൊരിയുന്ന രാത്രിയുടെ തണുപ്പത്ത് ഗന്ധര്‍വ കാമുകന്‍ വന്നൊരു ചുടുചുംബനം നല്‍കിയിരുന്നെങ്കില്‍ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിട്ടുണ്ടാവും! അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതില്‍ പങ്ക് വഹിക്കുന്നു എന്നൊരു ദുഷ്പേര് പത്മരാജനും കിട്ടികൂടായ്കയില്ല. ഭാഗ്യത്തിന് ഹിന്ദുത്വ പ്രതീകമായ ആ ഇളം മഞ്ഞ വെളിച്ചവും ബ്രാഹ്മണ്യത്തിന്റെ വള്ളുവനാടന്‍ ഭാഷയും ചേര്‍ന്നുള്ള ജയരാജന്‍ അടവുകള്‍ സിനിമയില്‍ അന്ന് കണ്ടുപിടിച്ചിട്ടുണ്ടായിരുന്നില്ല.

ശക്തമായ കഥാബീജം ഉണ്ടായിരുന്നാൽ എത്ര ശിഥിലമായ തന്തുക്കളിലൂടെയും മനസ്സിനെ ഉലയ്‌ക്കുന്ന ഒരു സൃഷ്ടിയുണ്ടാവുമെന്നതിന് ഉത്തമോദാഹരണമായി ഈ ചിത്രവും പ്രേക്ഷകമനസുകളിൽ ഒളിമങ്ങാതെ കിടക്കും.
  

Wednesday, June 20, 2012

തമിഴിലെ വിസ്മയങ്ങള്‍

എനിക്ക് ധനുഷിനെ ഒട്ടും ഇഷ്ടമായിരുന്നില്ല. ഒട്ടും. പ്രത്യേകിച്ച് "കൊലവരി"യുടെ കുപ്രസിദ്ധിയ്ക്ക്ക് ശേഷം.

"മയക്കം എന്ന" (மயக்கம் என்ன ) - Why this dizziness - എന്ന സിനിമ കാണുന്നതു വരെ. അത്ര പുതിയ സിനിമയൊന്നുമല്ല എങ്കിലും ഇപ്പോഴാണ്  കാണാന്‍ അവസരമായാത്.

അപ്പോഴാണ്‌ ശ്രീ. രജനി കാന്ത് അവര്‍കള്‍ക്ക് തെറ്റ് പറ്റിയിട്ടില്ല എന്ന് മനസ്സിലായത്.

ധനുഷും സഹോദരന്‍ സെല്‍വരാഘവനും ചേര്‍ന്ന്  ചെയ്തിരിക്കുന്ന ഈ ചിത്രം കണ്ടാല്‍  ഏതൊരാളും കുറച്ചൊന്നു ചിന്താവിവശ നാ/യാ വാതിരിക്കില്ല.

അത്രയ്ക്ക്ക് ഗംഭീരമായാണ് റിച്ച ഗംഗോപാധ്യായ എന്ന അധികമാരും അറിയാത്ത അമേരിക്കന്‍ സുന്ദരി ഈ ചിത്രത്തെ മനോഹരമാക്കിയിരിക്കുന്നത്.

ഇത് ഒരു സ്ത്രീ യുടെ കഥയാണ്.

അവളുടെ വളരെ വ്യക്തതയുള്ള ചിന്തകള്‍, സുദൃഡമായ കാഴ്ചപ്പാടുകള്‍, വിട്ടുവീഴ്ചയില്ലാത്ത മൂല്യങ്ങള്‍, കടുകട്ടിയായ നിശ്ചയങ്ങള്‍. ഒപ്പം സ്ത്രൈണഭാവങ്ങള്‍ നിര്‍മലമാകാതിരിക്കാന്‍ അതും വേണ്ടുവോളം.

സെല്‍വ രാഘവന്റെ ചിന്തയ്ക്കും എഴുത്തിനും സംവിധാനത്തിനും നമസ്കാരം.

കാര്‍ത്തിക്‌ : "பின்னை ஏன்  அவன் கூடே சுத்தறேன்?"
(0 delay)
യാമിനി: "நான் அவன் கூடே சுத்தலையே"
(long pause)
കാര്‍ത്തിക്‌: "என் friend பாவம், நீ அவன் கூடயே இரி..."
(short pause)
യാമിനി: "அது சொல்லருத்கக் நீ ஆர்!"
****
"You are like me sister, Ok!"
(Short Pause)
                        - Gets bashed on the face
****

beautiful sequence of 2 minutes! 

പറഞ്ഞുവന്നത് ധനുഷിനെപ്പറ്റിയാണ്. തൊട്ടുപിന്നാലെയാണ് മറ്റൊരു സിനിമകൂടി വസന്തം  തുറന്നുവിട്ടത്. "ആടുകളം". ബെന്യാമന്റെ ആടുകാലത്തിനു ശേഷം "Aadukalam" അങ്ങനെ വായിക്കാന്‍ വിഷമം തോന്നുമെങ്കിലും സിനിമ തമിഴില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടന്നുവരുന്ന മാറ്റത്തിന്റെ ഉന്നതിയാണെന്ന് കരുതിയാല്‍ തെറ്റില്ല.   ധനുഷിന്റെ ദേശീയ  പുരസ്കാരം ഒട്ടും അപ്രതീക്ഷിതവുമല്ല. മനുഷ്യ മനസ്സിന്റെ അതി ലോലഭാവങ്ങള്‍ തികച്ചും സ്വാഭാവികമായി ഒരു ചെറിയ കഥയിലൂടെ അവതരിപ്പിക്കുക എന്നത് ഇക്കാലത്ത് ഒരു സാധാരണ കാര്യമല്ല!

ശ്രീ. രാമലിംഗം ജി ക്ഷമിക്കുക, ഇന്റെര്‍നെറ്റിന്റെ ഈ മഹാലോകത്ത് ഈ സിനിമകള്‍ എവിടെ കണ്ടുപിടിക്കണമെന്നു പ്രത്യേകം പറയേണ്ടല്ലോ. :-)  

Wednesday, April 4, 2012

പുതിയ പേര്

"അച്ചാ, കിട്ടി, കിട്ടി!"

"എന്താ മോളെ?"


" ആ "യു"വില്‍ തുടങ്ങുന്ന പേര്! "

"ആണോ? എന്താ?"

"എനിക്ക് ക്രേസി ബോയ്സിനെ ഇഷ്ടമല്ല.., എന്നാലും...  ഇതാ പേര് "യൂനിസ്""


"..."