Tuesday, March 17, 2009

ഒരു മൊബൈലിന്റെ കഥ

"ഹലോ"
"ഹലോ"
"ഹലോ..." (അസഹിഷ്ണുത)
"ഹലോ..." (കോപം)
"ങ്ഹാ... ദീപൂ..." (അവഗണന)
"ങ്ഹാ..." (പുച്ഛം)
"ഞാന് ഈയാഴ്ച്ചയില് ഒന്നു വീട്ടിലേയ്ക്ക് വന്നാലോ എന്ന് വിചാരിക്കുന്നു, ഏതായാലും ഇതുവരെ വന്നതല്ലേ, ഒന്നു വീട്ടില് വന്ന് പോകാം. എയര്പോര്ട്ടില് വന്ന് എന്നെ പിക്ക് ചെയ്യാമോ?"
....
"ഹലോ..." (അധികാരം)
"... പിന്നെന്താ... എപ്പോഴെത്തും..? "
"ഫ്ളൈറ്റ് ബുക്ക് ചെയ്തിട്ട് വിളിച്ചുപറയാം."

വരുന്നു എന്ന് കേള്ക്കുമ്പോള്ത്തന്നെ മറ്റ് പരിപാടികളൊക്കെ മാറ്റിവച്ച് സമയം ഉഴിഞ്ഞ് വച്ചിരുന്ന പയ്യ്അനാ. ഒന്നു "ഗെ"ള്ഫില് പോയിവന്നാല് ഇത്രയും അഹങ്കാരം പാടുമോ?

അതോ ഇനി മംഗല്യ്യയം കഴിക്കാന് പോകുന്നതിന്റെ മുന്നോടിയാണോ?

കലികാലം.

***************************

കാത്ത് നിന്ന് നിന്ന് കാലില് വേരു കിളിര്ക്കാന് തുടങ്ങിയപ്പോഴാണു് വിളിച്ചാലോ എന്ന് ആലോചിച്ചത്. മൊബൈല്, റോമിങ്ങ്, ഓഫീസിലെ തടി, വലിയെടാ വലി...

"ഹലോ..." (കപട സ്നേഹം)
"ഹലോ..."
"ങ്ഹാ... ദീപൂ..." (വാത്സല്യം) "എവിടെ വരെയെത്തി? ഞാന് എത്തിയിട്ട് കുറച്ചുനേരമായി..."
"ങേ... ആ... " "....." "എന്നെ ഒരു പത്ത് മിനിട്ട് കഴിഞ്ഞ് വിളിക്കാമോ... ഇപ്പോള് കുറച്ച് തിരക്കിലാണു്..."
"ങേ... " "എന്നാല് അങ്ങനെയാകട്ടെ..."

എന്തൊരഹങ്കാരം! അതും ഞാനാകുന്ന എന്നോട് പത്തുമിനിട്ട് കഴിഞ്ഞ് വിളിക്കാന്! അതിനു വേറേ ആളെ നോക്കണം.

"ടാക്സീ..."

************************
പിറ്റേന്ന് അതിരാവിലെ തന്നെ എത്തിയിരിക്കുന്നു.

"അണ്ണ എപ്പ വന്ന്... ഇന്നലയാ..."
ഹൊ എന്തൊരഭിനയം. ഇന്നലെ ഒന്നും സംഭവിക്കാത്തതുപോലെ... ഒന്നും!
"ഓ.."
അധികം സംസാരിക്കാന് ശ്രമിച്ചില്ല. പാമ്പിന് കുട്ടിയെയാണല്ലോ ദൈവമേ ഞാന്...

പതിയെ ആ നീരസം അലിഞ്ഞലിഞ്ഞ് ഇല്ലാതെയായി. സാരമില്ലെന്നേ. എല്ലാവര്ക്കും എല്ലായ്പ്പോഴും മുന്‍ഗണനകള് ഒരുപോലെയാകണമെന്നില്ലല്ലോ, അല്ലെങ്കില് അങ്ങനെ ശഠിക്കുന്നതിലര്ത്ഥമില്ല.
വളരൂ മകനേ വളരൂ. ശരീരം മാത്രമിങ്ങനെ വളര്ന്നാല് മതിയോ...!

അതുകൊണ്ടുതന്നെ ആ കയ്പ് പുറത്തേയ്ക്കെടുക്കാന് തോന്നിയില്ല. തലേന്നത്തെ എയര് പോര്ട്ട് എപ്പിസോഡിനെപ്പറ്റി മിണ്ടിയില്ല.

********************
കാറിന്റെ വാതില് ഓട്ടോമാറ്റിക്കല്ല. അറിയാതെ അടയ്ക്കുകയും ചെയ്തു. വാതില് തുറക്കാന് ഒരു താക്കോല്, സ്റ്റാര്ട്ടാക്കാന് മറ്റൊന്ന്. ചെയ്നില് ഒന്നേയുള്ളൂ താനും.

ദീപുവിനെത്തെന്നെ വിളിക്കുകയേ വഴിയുള്ളൂ...

"ഹലോ"
"ഹലോ"
"ഹലോ ദീപൂ..." ഞാന് അറിയാതെ കാറിന്റെ ഡോറ് പുറത്ത് നിന്ന് ലോക്ക് ചെയ്തു. ഈ ചെയ്നിലാണെങ്കില് ഒരു താക്കോലേയുള്ളൂ. മറ്റേ താക്കോല് എവിടെ? അല്ലെങ്കില് ഇനി എന്തു ചെയ്യും തുറക്കാന്?
"ഹലോ..."
"ങ്ഹാ... ദീപൂ..." "ഞാനിവിടെ അമ്പലത്തിനടുത്താണു്. ഒരു സീന് ഉണ്ടാകാനുള്ള എല്ലാ ചേരുവകളുമൂണ്ട്. പെട്ടെന്ന് പറഞ്ഞോ."
"ങേ..."
"ഹലോ..."
"അല്ല... സത്‌യത്തില് നിങ്ങളാരാ..? കുറേനാളായി വിളിച്ചു ശല്യപ്പെടുത്തുന്നുണ്ടല്ലോ"
"ഹലോ ദീപൂ... അല്ലേ"
"ഞാന് ദീപുവും കീപുവുമൊന്നുമല്ല..."
"അല്ല, ദീപുവാണെന്ന് വിളിച്ചപ്പോള് പറഞ്ഞത്..."
"ഞാന് അങ്ങനെ പറഞ്ഞോ... ഒരുമാതിരി വേണ്ടാത്തത് പറഞ്ഞിറങ്ങിയാലുണ്ടല്ലോ? നിനക്കൊന്നും വേറേ പണിയില്ലേടേ? ഒരു ഫോണുമെടൂത്തിറങ്ങിയിരിക്കുന്നു."
"ക്ഷമിക്കണം... റോങ്ങ് നമ്പര്..."
"എന്ത് റോങ്ങ് നമ്പര്... ഇതുവരെയുള്ള ഇന്‍കമിങ്ങ് എടുത്തതിന്റെ കാശ് താന് തരുമോ..? വച്ചിട്ട് പോടോ..."
അഹങ്കാരത്തിന്റെ വിയര്പ്പ് ദൈവസന്നിധിയില് ഉരുണ്ട് താഴേയ്ക്ക് വീണു...

*************************
"ഹലോ"
"ഹലോ"
"ഹലോ... ദീപുവല്ലേ" (സ്നേഹം)
"എന്ത് അണ്ണാ... "
"അല്ല, ദീപു തന്നെയല്ലേ എന്നറിയാന്..." (ശരിക്കും സ്നേഹം)
"പറയ് അണ്ണാ... എന്ത്..."

മാറുന്നത് ആരാണു്