Sunday, August 4, 2013

അണ്ണാ... ഹസ് രഹാ ഹെ...

(ഇതിന്റെ തലക്കെട്ട് എഴുതിയത് അണ്ണാ സമരം കൊടുംപിരി കൊണ്ടിരിക്കുന്ന കാലത്താണ്. പിന്നീട് ഇപ്പോഴാണ് അതിലേയ്ക്ക് തിരിച്ചുവരാനായത്)

പ്രവാസിയായിരിക്കുന്നതിന്റെ സുഖം ഇന്ത്യയെ ഇടം വലം നോക്കാതെ വിമര്‍ശിക്കാമെന്നു ള്ളതാണ്. പ്രത്യേകിച്ച് മലയാളികളെ.

അടുത്തകാലത്ത് അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ ഒരു സുഹൃത്ത് നമ്മുടെ കള്‍ച്ചര്‍ ഷോക്ക് സഹിക്ക വയ്യാതെ തിരിച്ചു പോയത്രേ! പൊടിയന്റെ കടയില്‍ നിന്ന് ചായ കുടിച്ചിട്ട് 15%  ടിപ്പ് കൊടുത്തിട്ട്  വാങ്ങിയില്ലത്രേ!

അഴിമതിയെപ്പറ്റി ഘോര ഘോരം പ്രസംഗിക്കുന്നതിൽ മുൻപതിയിലാണു എല്ലാവരും. പക്ഷേ സ്വന്തം കഥ ഇങ്ങനെ.

ഒരു സർടിഫിക്കറ്റ് വേണം, വില്ലേജ് ആപ്പീസിൽ നിന്ന്. പൊതുവേ കാല താമസം പിടിക്കും. വികസിത രാജ്യങ്ങളിലെ പോലെ കംപ്യുട്ടർ  ആയി വരുന്നതേയുള്ളൂ.

പക്ഷെ സമയം  എവിടെ! പ്രവാസി എന്ന  നിലയിൽ സമയമില്ലായ്മ ഒരു കൂടെപ്പിറപ്പാണ്. എന്തും അപ്പോൾ വേണം.

വില്ലേജ് ആപ്പീസർ മലയാളത്തിൽ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചു, സർ  ഈ സർട്ടിഫിക്കറ്റ്  പെട്ടെന്ന് തരാൻ പറ്റില്ല. എല്ലാ ബുക്കുകളും പേപ്പറുകളും പരതി കഴിഞ്ഞു വേണം ഇത് തരാൻ. ഏറ്റവും കുറഞ്ഞത് ഒരാഴ്ച്ച. ഒരാഴ്ച്ച കഴിഞ്ഞു വരൂ, തരാം.

പ്രവാസി "അണ്ണായെ " എടുത്ത് പുറകിലത്തെ പോക്കറ്റിലേയ്ക്ക് വച്ചു. ഇനി അടുത്ത തവണ സുഹൃത്തിന്റെ വീട്ടില് ഭക്ഷണത്തിനു ശേഷമുള്ള വാചക സമയത്ത് എടുത്ത് ഇന്ത്യയെ കുറ്റം പറയാം. ഇപ്പോൾ മുന്നിലത്തെ പോക്കറ്റിൽ നിന്നും "ഗാന്ധിയെ "എടുക്കാം...

അര മണിക്കൂറിൽ സർട്ടിഫിക്കറ്റ് തയ്യാർ.

പുറകിൽ  ഒരു ഇക്കിളി. അണ്ണാ ഹസാരെ ഹസ്  രഹാ ഹെ ...

എന്റെ ലോകം എവിടെ!

പതിവുപോലെ ജയചന്ദ്രന്റെ ഒരു ജല്പനം എന്ന് കരുതിയാൽ മതി, പക്ഷേ എത്ര ആത്മാർഥമായാണു അത് വിവരിച്ചിരിക്കുന്നത്.

"എനിക്ക് ഇവിടെ ഇഷ്ടമല്ലാത്തത് ഇങ്ങനെ ഒരു പ്രത്യേക രീതിയിൽതന്നെ തന്നെ ജീവിക്കണം എന്ന്  ഭരണാധികാരികൾ നിർബന്ധം  പിടിക്കുന്നതിലാണ്"

"അതിന് സിംഗപ്പൂരിൽ നിൽക്കാൻ ആരും നിർബന്ധിക്കുന്നില്ലോ, നിങ്ങൾക്ക് ഇപ്പോഴും തിരിച്ചു പോകാമല്ലോ..."

"പോകാം, അതിനു തന്നെയാണു വിചാരിച്ചതും. പക്ഷേ എന്താണു ഇപ്പോൾസംഭവിച്ചുകൊണ്ടിരിക്കുന്നത്... ഇത് എന്റേത് ഇത് എന്റേത് എന്ന് പറഞ്ഞ് വലിയവലിയ വേലികൾ കെട്ടിത്തിരിക്കുക. ഈ ലോകത്തുള്ള എല്ലാസ്ഥലങ്ങളും ആരുടേതെങ്കിലുമായി മാറിക്കഴിഞ്ഞു, ആത്യന്തികമായി അതിന് അർത്ഥമൊന്നുമില്ലെങ്കിലും. പിന്നെ ആ സ്ഥലങ്ങളിൽ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുണ്ടാക്കി മത്സരിക്കുക. ഞാൻ ഇഷ്ടപ്പെട്ടിരുന്ന മരങ്ങളും നദികളും കുളങ്ങളുമുള്ള എന്റെ നാട് കാണാനേയില്ല. പത്ത് വർഷങ്ങൾക്ക് മുൻപുള്ള  എന്റെ ഗ്രാമത്തിനെ ഇനി ഒരുക്കലും എനിക്ക് തിരിച്ചു കിട്ടുമെന്ന് തോന്നുന്നില്ല.  അതിലും എത്രയോ ഭേദമാണ് ഈ സിംഗപ്പൂര്!"

വളരെ ശബ്ദോന്മുഖമായിരുന്ന ചർച്ചാവേദി ഒരു നിമിഷത്തേയ്ക്  കൊടും നിശബ്ദതയിൽ. മിക്കവരും  ആത്മവിചിന്തനത്തിൽ.   
സ്വയം വരിക്കുന്ന ദാരിദ്ര്യം

ചുറ്റും അല്പത്വം നിരഞ്ഞുനില്ക്കുകയാണ്. എം. ടി. പെരുന്തച്ചനിലൂടെ പറഞ്ഞതുപോലെ. "ഏതെങ്കിലുമൊരു വിധത്തിൽ അല്പമൊന്ന് തെളിഞ്ഞാൽ പിന്നെ ബ്രാഹ്മണ പിതൃത്വത്തെപ്പറ്റിയുള്ള അന്വേഷണങ്ങളായി" എന്ന്.

അത്തരം ഒരു ലോകത്തും പ്രതീക്ഷയുടെ സ്ഫുരണമായി ചിലർ. സമ്പത്തിന്റെ നടുവിലും ഒരു മനുഷ്യന് ജീവിക്കാനാവതു മാത്രം ഉപയോഗിച്ചു കൊണ്ട്. നമോവാകം.