Monday, April 30, 2007

പെട്ടിയെന്തറിയുന്നു..?

സീന്‍ ഒന്ന്:

ചെക്കിന്‍ ചെയ്തും ലഗ്ഗേജിനായി കാത്തിരുന്നും സമയം കളയുന്നതു ലാഭിക്കാനായി രണ്ടാഴ്ച്ചത്തെ താമസവസ്തുക്കളൊക്കെ ഒരു ചെറിയ പെട്ടിക്കുള്ളില്‍ കുത്തിനിറച്ച ഒരു ഹതഭാഗ്യന്‍. അന്യന്റെ സീറ്റിനു മുകളിലുള്ള കമ്പാര്‍ട്ട്മെന്റ്റ് കയ്യടക്കിയിട്ട് “ഞാനെന്നുമറിണ്‍ഞ്ഞില്ലേ രാമനാരായണാ“എന്ന മട്ടില്‍ നിര്‍വ്വികാരതയോടിരിക്കുന്ന ഒരു ഭാരതീയ കുടുംബം.

വിമാനത്തിന്റെ ഇടനാഴിയില്‍ നില്ക്കുന്ന നിസഹായന്റെ അടുത്തേയ്ക്ക് അതാ വരുന്നു സുസ്മേര വദനയായി ഒരു “വായുവിലെ പരിചാരിക.”

“ക്ഷമിക്കണം സര്‍, താങ്കളുടെ ലഗ്ഗേജ് സൌകര്യപൂര്‍വ്വം വയ്ക്കാനാകാത്തതില്‍ ഞങ്ങള്‍ക്ക് അതിയായ ഖേദമുണ്ട്. ദയവായി ഇത് എനിക്കു തരിക. താങ്കള്‍ ലക്ഷ്യത്തിലെത്തുമ്പോള്‍ താ‍ങ്കളെ കണ്ടു പിടിച്ച് ഞാന്‍ ഇത് എത്തിച്ചുകൊള്ളാം...”

ഒരു പെട്ടി കൊണ്ടു വരേണ്ടിയിരുന്നില്ലെന്നു തോന്നും വിധം...

******************************************************************************************

സീന്‍ രണ്ട്:

ഒരല്‍പ്പം പടിഞ്ഞാറ്. ഒരല്‍പ്പമെന്ന് പറഞ്ഞാ‍ല്‍ പോരാ, പടിഞ്ഞാറിന്റെ അങ്ങേയറ്റം. എല്ലാം ആപേക്ഷികമാണല്ലോ.

മുകളിലെ സീനിന്റെ ആദ്യഭാഗത്തിന്റെ ആവര്‍ത്തനം. പൂര്‍വ്വ സമാഗമത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി സ്വര്‍ഗകന്യകയെക്കാത്ത് ഹതഭാഗ്യന്‍ ഇടനാഴിയില്‍. വ്യതാസം, അത് വിമാനം നമ്പര്‍ വണ്‍. ഇത് വിമാനം നമ്പര്‍ റ്റു.

ഓക്കെ. മുഹമ്മദ് മലയുടെ അടുത്തേയ്ക്ക് പോകേണ്ട സമയമായെന്ന് തോന്നുന്നു. ഏതോ ധര്‍മ്മയോഗത്താല്‍ വായുവിലെ പരിചാരികയാകേണ്ടതായി വന്ന മട്ടില്‍ ഒരു ഉല്‍പ്പ്രേക്ഷയും ഘടിപ്പിച്ചു നില്‍ക്കുന്ന നിര്‍വികാരിണിയുടെ മുന്നില്‍ എന്തോ വലിയ കുറ്റം ചെയ്ത പോലെ പ്രശ്നം അവതരിപ്പിച്ചു.

“മഡാം, സ്ഥലം നഹിം. എന്ന സൈവത്?”

ആദ്യമായി വിമാനത്തില്‍ കയറുന്ന അപ്പാവി, നിനക്കിതൊന്നും ഇനിയുമറിയില്ലേ എന്ന മട്ടില്‍, “ആഞെലിനോസ്” ആംഗലേയത്തില്‍, അമ്മായി പരത്തി ഒന്ന് വിളമ്പി.

“വിമാനത്തില്‍ കയറുന്ന എല്ലാവര്‍ക്കും ലഗ്ഗേജ് വയ്ക്കാനുള്ള സ്ഥലം ഇതിനകത്തുണ്ട്.”

വല്ല ഉത്തരേന്ത്യന്‍ രാജാക്കന്മാരുമായിരുന്നെങ്കില്‍ ഈ “ശായരി” കേട്ട് ഒന്നു കൈയ്യടിച്ച് “വാഹ്... വാഹ്...” പറഞ്ഞേനെ.

“മോന് ദിനേശ്, നീയായി, നിന്റെ പെട്ടിയായി. നിനക്കു വേണമെങ്കില്‍ സ്ഥലം കണ്ടുപിടിച്ചു കൊണ്ടു വയ്ക്കൂ” എന്നു എവിടുന്നോ ഒരു മലയാള പരിഭാഷ കേട്ടു.

ധന്യനായ അദ്ദേഹം കാലിനും അടുത്ത സീറ്റിനും ഇടയിലുള്ള അരയിഞ്ചു സ്ഥലത്ത് ആ ചതുരക്കഷണം കുത്തിത്തിരുകി അടുത്ത അഞ്ചുമണിക്കൂര്‍ യാത്ര ചെയ്തു.

******************************************************************************************

വര്‍ഷാവര്‍ഷങ്ങളായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്തുകൊണ്ടാണു എല്ലാ റേറ്റിങ്ങുകളിലും ആദ്യത്തെ മൂന്ന്
സ്ഥാനങ്ങളിലെങ്കിലുമുണ്ടാവുകയെന്ന് വ്യക്തമായി. അവസാന സ്ഥാനത്തിനുള്ള മത്സരത്തിലെ മൂന്ന് എന്ട്രികളിലും ഒരേ പേര്‍ തന്നെയായിരുന്നത്രേ.

“യുണൈറ്റഡ് ഏയര്‍ലൈന്‍സ്”

(ഇന്ത്യന്‍ എയര്‍ ലൈന്‍സ് മത്സരത്തില്‍ പങ്കെടുത്തില്ലെന്നറിയുന്നു.)

Thursday, April 26, 2007

മംഗല്യപ്പുഴയോരത്ത്‌

"കാപ്പി എടുത്താട്ടെ..."അമ്മാവന്റെ ശാസനാസ്വരത്തിലുള്ള ശബ്ദം കേട്ടാണു ചിന്തയില്‍ നിന്നുണര്‍ന്നത്‌. മുന്നില്‍ കാപ്പിട്രേയുമായി നില്‍ക്കുന്ന പെണ്‍കുട്ടിയുടെ മുഖത്ത്‌ ഒരു ജാള്യതയുമില്ല. കുസ്യതി നിറഞ്ഞ പുഞ്ചിരികള്‍ക്കു മുകളിലായി എല്ലാവരുടേയും കണ്ണുകള്‍ ഈ ദിശയില്‍. ചിരിച്ചെന്നു വരുത്തി ഒരു ചായക്കപ്പ്‌ പെട്ടെന്ന്‌ കൈയ്യിലെടുത്തു.

"നീയൊന്നു പോയി കുട്ടിയെ കാണു... കല്യാണം കഴിക്കണമെന്നാരു പറഞ്ഞു?" കല്യാണാലോചനകള്‍ക്കു നിരത്തിയ നിരവധി നിബന്ധനകളിലൊന്നും പെടാത്ത ഈ ആലോചനയില്‍ താത്പര്യമില്ലാതിരിന്നിട്ടും ഒരു വെപ്രാളം. അല്ല, ഇപ്പൊ ഒന്നു പോയിക്കണ്ടാലെന്താ? അപ്പോള്‍, തനിക്കിത്തരം കച്ചവടങ്ങളിലും പ്രദര്‍ശനങ്ങളിലും താത്പര്യമില്ലെന്ന് ഇന്നലെ വരെ വിചാരിച്ചിരുന്നത്‌...

"ഇതെത്രാമത്തെയാ..." പെട്ടെന്നുള്ള ചോദ്യം കേട്ട്‌ ചെറുതായൊന്നു ഞെട്ടി. ചോദിക്കാന്‍ തയ്യാറാക്കിയിരുന്ന ലിസ്റ്റില്‍ അവസാന മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരുന്ന മനസ്സ്‌ പെട്ടന്ന്‌ വര്‍ത്തമാനത്തിലേയ്ക്ക്‌...

"ഇല്ല, ഇത്‌... ഇത്‌ ആദ്യമാ...""അപ്പൊ ഞാനാവും ഗിനിപ്പന്നി, അല്ലേ...?" ചിരിയുടെ അകമ്പടിയോടെയുള്ള ആ തമാശ ഇഷ്ടമായി. നല്ല നര്‍മബോധം.

ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം വളരെ ചുരുക്കി അവതരിപ്പിച്ചു. മിടുക്കി, വളരെ എഫിഷ്യന്റായി കാര്യങ്ങള്‍ പറയുന്നുണ്ടല്ലൊ. ഉം. വളരെ നല്ലത്‌. എന്നാലിനി സ്വന്തം ഊഴമാകട്ടെ... വിശദമായിത്തന്നെ പറഞ്ഞുകളയാം...

"ഫ്ലാഷ്ബാക്കും കുടുംബമാഹാത്മ്യവുമെല്ലാം വായിച്ചു. നെറ്റിലുണ്ടായിരുന്നല്ലോ. ഇപ്പോ ഈ ഇന്റര്‍നെട്ടും കമ്പ്യൂട്ടറുമൊക്കെ വന്നതില്‍ പിന്നെ എന്താ... ഏതെങ്കിലും ഒരു വിധത്തില്‍ തെളിഞ്ഞാല്‍ പിന്നെ വെബ്ബ്‌ പേജ്‌, ജീവിതവുമായി പുലബന്ധം പോലുമില്ലാത്ത കാഴ്ച്ചപ്പാടുകള്‍, ബ്രാഹ്മണ പിത്യത്വമന്വേഷിച്ചുള്ള ലിങ്കുകളൂം..."
നര്‍മബോധം അല്‍പ്പം കൂടുതലാണെന്നു തോന്നുന്നു... പറഞ്ഞുതുടങ്ങിയതു പൂര്‍ത്തിയാക്കാനാവാഞ്ഞതിന്റെ വൈക്ലബ്യം ഉണ്ടായിരുന്നെങ്കിലും സന്ദര്‍ഭത്തിന്റെ ലാളിത്യം അതു ലഘൂകരിച്ചു.

"എഴുത്തുകാരനാണെന്നുകണ്ടു... ഒ. വി. വിജയനെ വായിക്കാറുണ്ടോ...?"

ഹാവൂ, അവസാനം സാഹിത്യത്തിലേയ്ക്കെത്തിയല്ലോ. ആശ്വാസം. "അങ്ങനെ ഒരുപാടൊന്നുമില്ല...ഖസാക്കിന്റെ ഇതിഹാസം രണ്ടുമൂന്നു തവണ വായിച്ചിട്ടുണ്ട്‌." എം. ടി വാസുദേവന്‍ നായരെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും ഓര്‍മ്മയുടെ ഒളങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നപോലെ പറയാന്‍ ഹ്യദിസ്ഥമാക്കിയ വാക്കുകള്‍ മനസ്സില്‍ നിരത്തുന്നതിനിടയില്‍ പറഞ്ഞു.

"രണ്ടു മൂന്നു തവണ അല്ലെ? കാല്‍പനികതയെ ആധുനികതയുടെ ചട്ടയില്‍ പൊതിഞ്ഞ്‌ വായനക്കാരനെ ഇതുവരെ ഒരു മലയാള എഴുത്തുകാരനും എത്തിച്ചിട്ടില്ലാത്ത ആസ്വാദനത്തിന്റെ മേടകളിലേയ്ക്ക്‌ എത്തിച്ചയാളാണു വിജയന്‍. ധര്‍മപുരാണത്തിലും ഗുരുസാഗരത്തിലും തലമുറകളിലുമെല്ലാം നാം എന്താണു കാണുന്നത്‌? മനുഷ്യന്റേയും സമൂഹത്തിന്റേയും പ്രതിസന്ധികളെ കാലത്തിന്റെ ക്യാന്‍ വാസിലാക്കി സഹ്യദയന്റെ ആത്മാവിലെ ചുമര്‍ചിത്രങ്ങളാക്കുകയല്ലെ വിജയന്‍ ചെയ്യുന്നത്‌..."

മുന്നിലിരുന്ന കാപ്പിക്കപ്പ്‌ കൈയിലെടുത്ത്‌ ഒന്നുരണ്ടു കവിള്‍ കുടിച്ചു. അങ്ങനെ വിട്ടൂകൊടുത്താല്‍ പറ്റില്ലല്ലൊ. പക്ഷെ എന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുന്‍പ്‌ അതാ വരുന്നു അടുത്ത വട്ടം.

"ആനന്ദിനെ വായിച്ചിട്ടുണ്ടോ? മനുഷ്യമനസ്സിന്റെ ഉള്ളറകളിലേയ്ക്ക്‌ ഇത്രയും ഇറങ്ങിച്ചെന്ന ഒരു എഴുത്തുകാരന്‍ ഉണ്ടാവില്ല. ഈ എം ടി യും പത്മനാഭനും മട്ടും എഴുതുന്ന സെമി പൈങ്കിളി കഥകള്‍ പോലെയല്ല..."

ഉള്ളിലെവിടെയോ ഒരു വിഗ്രഹം വീണുടഞ്ഞ നൊമ്പരം...

"പക്ഷേ ഗ്യഹാതുരത്വം നിറഞ്ഞ... ഓര്‍മ്മകള്‍... " തപ്പിത്തടഞ്ഞു. ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ലല്ലോ ഈശ്വരാ...
അതാ വരുന്നു സമസ്യാ പൂരണം പോലെ...

"അതെ... ഗ്യഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളുമായി ഒരു കുട്ടിയും പൊളിഞ്ഞ തറവാടും ക്രൂരനായ അമ്മാവനും ചെറുപ്പത്തിലെ പ്രേമവും തന്നെയല്ലേ ഈ എം ടി? പദ്മനാഭനന്‍ കുറച്ചുകൂടി ഭേദമാണു. പക്ഷെ വികലമായ പാത്രസങ്കല്‍പ്പങ്ങള്‍ കഥകളേയും വിക്യതമാക്കുന്നു..."

ആരാണു ഈ മുന്നിലിരിക്കുന്നത്‌? മുണ്ടശ്ശേരി മാഷുടേയൊ അഴീക്കോടു സാറിന്റേയൊ മറ്റോ അവതാരമാണോ... വിഷയം മാറ്റൂകയാണു ബുദ്ധി. സ്പോര്‍ട്സില്‍ അത്രതാത്പര്യമുണ്ടാവില്ല. ചെസ്സിലെങ്കിലും താത്പര്യമുണ്ടാവുമോ എന്നറിയണമല്ലോ.

"ചെസ്സിനെ എന്തിനാണു സ്പോര്‍ട്സിന്റെ കൂടെ ഉള്‍പ്പെടുത്തുന്നതു എന്നത്‌ എത അലോചിച്ചിട്ടും മനസ്സിലാവാത്തതാണു. ഒരുകായികാധ്വാനവുമില്ലാത്തതിനെയെല്ലാം കലാമത്സരങ്ങളുടെ കൂട്ടത്തിലാക്കണം."
ചിന്തകള്‍ നിര്‍ത്താതെ പ്രവഹിക്കുകയാണു...

"എനിക്ക്‌ ഏറ്റവും ഇഷ്ടം ടെന്നീസാണു. റാക്കെറ്റ്‌ സ്പോര്‍ട്സിന്റെ മനോഹാരിതയും ബാസ്കറ്റ്‌ ബോളിന്റെ വന്യതയും ബേസ്‌ ബോളിന്റെ ക്യത്യതയും ഒത്തു ചേരുന്ന മറ്റൊരു സ്പോര്‍ട്സ്‌ ഉണ്ടാവുമോ? ഫെഡറര്‍ ബാക്ക്‌ ഹാന്‍ഡ്‌ ക്രോസ്കോര്‍ട്ട്‌ ഷോട്ടുകളാല്‍ കവിത രചിക്കുന്നത്‌ എത്രകണ്ടിരുന്നാലാണു മതിയാവുക...?"

പെണ്‍മുഖമുള്ള ആ നീളന്‍ മുടിക്കാരന്‍ ടെന്നീസ്‌ കോര്‍ട്ടില്‍ കിടന്ന്‌ അങ്ങോട്ടൂമിങ്ങോട്ടും ഓടുന്നതാണോ ഈ കവിത...? ക്രിക്കറ്റിനേക്കാള്‍ വലിയ ഒരു കളി ഈ ലോകത്തിലുണ്ടോ?

"ക്രിക്കറ്റ്‌ എനിക്കു തീരെയിഷ്ടമല്ല. വര്‍ഷത്തിലൊരിക്കല്‍ വെയിലുകാണുന്ന വെള്ളക്കാരന്റെ നാട്ടില്‍ ജോലിയില്ലാതിരുന്നവര്‍ക്ക്‌ സമയം കളയാന്‍ കണ്ടു പിടിച്ച ഈ ക്രിക്കറ്റ്‌ തന്നെ വേണോ നമുക്ക്‌ ദേശീയോത്സവമാക്കാന്‍? ഇതെല്ലാം നവീന കൊളോണിയലിസത്തിന്റെ ഭാഗമല്ലേ?"

"നവീന കൊളോണിയലിസം...?" ദഹിക്കാത്ത വാക്ക്‌ അയവിറക്കിയത്‌ അല്‍പം ഉച്ചത്തിലായിപ്പോയി.

"അതേ, ഇപ്പോള്‍ ആള്‍ക്കാരെ ശാരീരികമായിത്തന്നെ അടിമകളാക്കണമെന്നില്ല. ചിന്തകളും വിശ്വാസങ്ങളും അടിച്ചേല്‍പ്പിച്ച്‌, പത്രങ്ങളും ടിവിയും സിനിമയും പിടിച്ചടക്കി ഗ്ലോബലൈസേഷന്‍ പ്രചരിപ്പിച്ച്‌ ഉള്ളവന്‍ ഇല്ലാത്തവനില്‍ നിന്നും പിന്നെയും പിന്നെയും കവര്‍ന്നെടുക്കുന്നു. അരുന്ധതീറോയിയേയും നോം ചോസ്കിയേയും ഒന്നും വായിച്ചിട്ടില്ലേ?"

"ഉവ്വ്‌, എവിടെയോ കേട്ടതുപോലെ..." അധികമൊന്നും മനസ്സിലായില്ലെങ്കിലും വെറുതെ പറഞ്ഞു.

"നമ്മള്‍ ചൈനയുടെ വ്യവസായിക പുരോഗതി കണ്ടു മനസ്സിലാക്കണം. കണ്ടില്ലേ കഴിഞ്ഞവര്‍ഷം 87 ബില്ല്യണ്‍ ഡോളറിന്റെ വിദേശനിക്ഷേപവും കൈക്കലാക്കി 10% വളര്‍ച്ച നേടിയത്‌? നമുക്ക്‌ അതേസമയം 4 ബില്ല്യണ്‍ ഡോളറും വെറും 7% ശതമാനം വളര്‍ച്ചയും. ഒരല്‍പ്പം വ്യക്തി സ്വാതന്ത്യ്രവും വായില്‍ വച്ചു കഴിക്കാന്‍ പറ്റുന്ന ആഹാരവും കൂടിയുണ്ടെങ്കില്‍ അടുത്ത ദശകത്തില്‍ ചൈനയാവും ലോകത്തിലെ ഏറ്റവും അധികം കുടിയേറ്റക്കാരുള്ള സ്ഥലം."

വെയിലിനു വല്ലാതെ ചൂടു കൂടിയതു പോലെ. മുകളില്‍ ഫാന്‍ കറങ്ങുന്നുണ്ടെങ്കിലും വല്ലാത്ത ഉഷ്ണം. വല്ലാത്ത ഒരു വിമ്മിട്ടം.

അതിരാവിലെ എഴുന്നേട്ട്‌ കുളിച്ച്‌ പുളിയിലക്കര മുണ്ടുമായി വിളക്കുകൊളുത്തിതുളസിക്കതിര്‍ ചൂടി ഈറനായ മുടിയില്‍ തോര്‍ത്തും ചുട്ടി ചായക്കപ്പുമായി കിടക്കറയിലെത്തി കാലില്‍ വന്ദിച്ച്‌ മെല്ലെ വിളിച്ചുണര്‍ത്തുന്ന ആ മുഖം ആരുടെയാണു...

"കാപ്പി കുറച്ചുകൂടി എടുക്കട്ടെ...?" ആവര്‍ത്തിച്ചുള്ള ചോദ്യം ചിന്തയില്‍ നിന്നും ഉണര്‍ത്തി. മഴ തോര്‍ന്ന ഒരു പ്രതീതി.

"വേണ്ട... ഇതു തന്നെ ധാരാളം."

"എന്നോടെന്തെങ്കിലും ചോദിക്കാന്‍..."

"ഇല്ല..." യാന്ത്രികമായിപ്പറഞ്ഞു.

ഇഷ്ടങ്ങളില്‍ നിന്ന്‌ അനിഷ്ടങ്ങളിലൂടെ വര്‍ത്തമാനവും ഭാവിയും കടന്ന്‌ മംഗല്യപ്പുഴയോരത്തേയ്ക്കുള്ള യാത്ര ഇനിയെത്രയകലെയാണു...

ലവ്‌ ഇന്‍ ജപ്പാന്‍

"കൊനി ച്ചുവാ..."

തല തറയില്‍ തട്ടുമാറുള്ള നമസ്കാരവും താളത്തിലുള്ള അഭിവാദ്യവും കേട്ടുകൊണ്ടാണു ഉള്ളില്‍ കടന്നത്‌. ഒരു സിംഗപ്പൂര്‍ വാസിക്ക്‌ അന്യമായ ഇളം തണൂപ്പില്‍ നിന്നും കെട്ടിടത്തിനുള്ളിലെ നേരിയ ചൂടിലേക്കു കടന്നപ്പോള്‍ അസഹിഷ്ണുത തോന്നിയെങ്കിലും മൊട്ടത്തലയന്‍ ഗൈഡിന്റെ മുറി ഇംഗ്ലീഷിലെ നര്‍മ്മരസം ശ്രദ്ധ മുഴുവന്‍ ആകര്‍ഷിച്ചു.

"ഐ വര്‍ക്ക്‌ ഇന്‍ ഷൂ മേക്കിങ്ങ്‌ കമ്പനി ആന്‍ ഡ്‌ വീ ആള്‍സോ ഹാവ്‌ സ്റ്റ്രൈക്സ്‌ ആന്‍ ഡ്‌ പ്രൊട്ടെസ്റ്റ്സ്‌ ഹിയര്‍"
"ആസ്‌ യു മൈട്ട്‌ നൊ, വി ഓവര്‍ വര്‍ക്ക്‌ ഓണ്‍ ദോസ്‌ ഡെയ്സ്‌..."
"ബട്ട്‌ വി ഒണ്‍ലി മേയ്ക്ക്‌ ദ റൈറ്റ്‌ ഒണ്‍സ്‌ ..."

അപ്രതീക്ഷിതമായാണു ഈ യാത്രയ്ക്കു തിരിക്കേണ്ടതായി വന്നത്‌. ആവശ്യക്കാരന്റെ അനൌചിത്യം "ഗൃഹസ്ഥാശ്രമ"ത്തിലെ ആദ്യത്തെ വിഷുവും അതിനെത്തുടര്‍ന്നുള്ള ആഘോഷങ്ങളും തട്ടി നിരപ്പാക്കുമെന്നു സ്വപ്നേപി വിചാരിച്ചതല്ല. "പക്ഷിപ്പനി"യും മറ്റത്യാഹിതങ്ങളും ഒളിച്ചിരിക്കുന്ന ഈയൊരു സമയത്തെ യാത്രയിലെ അപകടങ്ങളും സാമ്പത്തിക നഷ്ടങ്ങളുടെ കണക്കുമൊക്കെ നിരത്തിയിട്ടും "ഋഷഭേ കര്‍ണപുടേ ന വേദം പാരായണം" എന്നു പറഞ്ഞതു പോലെ അവയെല്ലാം മേലുദ്യോഗസ്ഥന്റെ ദേഹത്തു തട്ടി തിരിച്ചു വന്നു. അന്യത്ഥാ ചിന്തിതം കാര്യം ദൈവം അന്യത്ര ചിന്തയേല്‍ എന്നു വിചാരിച്ചാശ്വസിച്ചു.ഉദയ സൂര്യന്റെ നാട്‌.

ജപ്പാനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ എപ്പോഴും ഒരു പടി മുന്നിലായിരുന്നു. അധ്വാനത്തിന്റെയും വൃത്തിയുടെയും സമയ കൃത്യതയുടേയും കാര്യത്തില്‍ അദ്വിതീയര്‍. മണിക്കൂറില്‍ മുന്നൂറ്റമ്പത്‌ കിലോമീറ്ററില്‍ ചീറിപ്പായുന്ന ഷിന്‍ കാന്‍സെനുകള്‍, സ്വയം വ്യത്തിയാക്കുന്ന ടോയിലെറ്റുകള്‍, സ്വയം പാര്‍ക്കു ചെയ്യുന്ന കാറുകള്‍... കാറിലായാലും ക്യാമറയിലായാലും ജപ്പാന്‍ എന്നും ഒരു അത്ഭുതം തന്നെയായിരുന്നു.

ഔദ്യോഗിക കാര്യങ്ങളൊക്കെ ഒരു വിധം തീര്‍ത്തു. വാരാന്ത്യത്തിലെ ഒരു ദിവസം ജപ്പാനിലെ അതിശയങ്ങള്‍ കാണാന്‍ തീരുമാനിച്ചു. ജപ്പാനിലെ മറ്റൊരു സുഹ്യത്ത്‌ ഒപ്പം വന്ന് വഴികാട്ടാമെന്നേട്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. കുറച്ച്‌ നേരത്തേ തന്നെ ഉച്ച ഭക്ഷണമൊക്കെ കഴിച്ച്‌ സുഹ്യത്തിനെ കാത്തിരിക്കുമ്പൊള്‍ മനസു നിറയെ ആകാംഷയായിരുന്നു. നിറഞ്ഞ വയറുമായി എയര്‍ കണ്ടീഷന്റെ ഇളം തണുപ്പില്‍ ഹോട്ടല്‍ ലോബിയിലെ പതുപതുത്ത സോഫയിലിരിക്കുമ്പോള്‍ കണ്ണുകളില്‍ ഉറക്കം ഓടിയെത്തുന്നുണ്ടായിരുന്നു.

തമാശകളൊക്കെ കഴിഞ്ഞ്‌ ഗൈഡ്‌ "മാജിക്കല്‍ റിയാലിറ്റി ക്യൂബി" നെപ്പറ്റിപ്പറയാന്‍ തുടങ്ങി. വിര്‍ച്ച്യുല്‍ റിയാലിറ്റിയുടെയും സാറ്റലൈറ്റ്‌ ഫോട്ടോ ഗ്രാഫിയുടേയും ടെക്നിക്കുകള്‍ ഉപയോഗിച്ച്‌ ഭൂമിയുടെ ഓരോ കോണും അതാത്‌ സമയം വീക്ഷിക്കാവുന്ന അത്ഭുതക്കണ്ണാടി. മുപ്പത്തിയാറോളം സാറ്റലൈറ്റുകളെയുപയോഗിച്ച്‌ നൂറുകണക്കിനു മില്ല്യണ്‍ ഡോളറുകള്‍ ചെലവഴിച്ച്‌ ഉണ്ടാക്കിയിരിക്കുന്ന ഇന്ദ്രജാലം. നൂറോളം അമേരിക്കന്‍ ഡോളറുകള്‍ മുടക്കണമെന്നാല്‍ക്കൂടി ഇത്രത്തോളമെത്തിയിട്ട്‌ ഇതൊന്നു പരീക്ഷിക്കാതിരിക്കുന്നത്‌ ആഗ്രയിലെത്തിയിട്ട്‌ താജ്മഹല്‍ കാണാതിരിക്കുന്നത്‌ പോലെ, പാരീസിലെത്തിയിട്ട്‌ ഈയ്ഫല്‍ ടവറില്‍ കയറാതിരിക്കുന്നതു പോലെയല്ലേ...

ഒരുപാട്‌ നേരം ക്യൂവില്‍ നിന്നിട്ടാണു ടിക്കറ്റു കിട്ടിയത്‌. ശീതീകരിച്ച ഒരു ചെറിയ മുറിയിലേയ്ക്കാണു ആനയിക്കപ്പെട്ടത്‌. നാലു പാടും ചുറ്റിയടയ്ക്കപ്പെട്ട്‌, ഒരേ ഒരു വാതിലോടു കൂടിയ ചെറിയ മുറി. മസ്സാജ്‌ ചെയറു പോലെ ആധുനികമായ ഒരു കസേര മാത്രമാണു റൂമില്‍. കസേരയിലിരുത്തുന്നതിനു മുമ്പായി ബഹിരാകാശ യാത്രികര്‍ ധരിക്കുന്ന രീതിയിലുള്ള ഒരുതരം സ്യൂട്ട്‌ ധരിപ്പിച്ചു. ഹെല്‍മെറ്റ്‌ പോലുള്ള കണ്ണാടി ധരിപ്പിക്കുന്നതിനു മുമ്പായി മാജിക്‌ ക്യൂബ്‌ കണ്ട്രോളുകളെപ്പട്ടിയും നാവിഗേഷന്‍ രീതികളെപ്പട്ടിയും ചുരുക്കിപ്പറഞ്ഞുതന്നു. ഏതു സമയത്തും ഹെല്‍പ്പ്‌ ബട്ടനുകള്‍ ഉപയോഗിച്ച്‌ സഹായം തേടാം. "സുഖയാത്ര" ആശംസിച്ച്‌ സഹായി യാത്രയായി.വളരെ അനായാസമായാണു എല്ലാം അവതരിപ്പിച്ചിരിക്കുന്നത്‌. ഭൂമിയുടെ ഒരു ത്രിമാന ചിത്രമാണു ആദ്യം കണ്ടത്‌. കൈയുടെ ഒരു ചെറിയ ചലനം കൊണ്ട്‌ ഭൂമിയുടെ ഏതു ഭാഗത്തേയ്ക്കും എത്താം. ഒരു പ്രത്യേക സ്വിച്ച്‌ അമര്‍ത്തിയിട്ട്‌ തലയുടെ മുന്നോട്ടുള്ള ചലനം കൊണ്ട്‌ "സൂം" ചെയ്യാം. മട്ടൊരു സ്വിച്ചിനൊപ്പമുള്ള തലയുടെ ചലനങ്ങള്‍ പറക്കുന്ന പ്രതീതിയുണ്ടാക്കും. നടക്കാന്‍ കാലിന്റെ ചലനങ്ങള്‍ മതി. ഇനിയും ഒരുപാടൊരുപാട്‌ കാര്യങ്ങള്‍ വിരല്‍ത്തുമ്പിലൂടെ ചെയ്യാം.

ഒട്ടും സമയം പാഴാക്കാതെ നാട്ടിലേയ്ക്കു പോകാന്‍ തീരുമാനിച്ചു. ഒരു പ്രവാസി ഭാരതീയനു ആദ്യം തോന്നുക നാട്ടിലെ ശുദ്ധവായു ഒന്നാസ്വദിക്കാനാവില്ലേ? ഏഷ്യ, ഇന്ത്യ, കേരള, തിരുവനന്തപുരം, കിളിമാനൂര്‍ എന്നിങ്ങനെ പലപല തലങ്ങലിലൂടെ നീങ്ങി അവസാനം മാജിക്‌ ക്യൂബില്‍ രേഖപ്പെടുത്തിയുട്ടുള്ള വീട്ടിനടുത്തുള്ള ഏട്ടവും അടുത്ത പോയിന്റിലെത്തി. അത്ഭുതം! എല്ലാം നേരില്‍ക്കാണുന്നതുപോലെ. മിക്കവാറും എല്ലാ ചുമരുകളിലും ഇലക്ഷന്‍ പോസ്റ്ററുകള്‍ കാണാം. പരിചയമുള്ള ഒരുപാടു മുഖങ്ങളും. നേര്‍ക്കുനേര്‍ നടന്നു വരുന്ന ഒരു ബാല്യകാല സുഹ്യത്തിനോട്‌ സംസാരിക്കാന്‍ ശ്രമിച്ചപ്പോഴാണു ഒരു കാര്യം മനസിലായത്‌. മറ്റൊരാള്‍ അവിടെ നിന്ന് അവരെയെല്ലാം വീക്ഷിക്കുന്നത്‌ അവര്‍ അറിയുന്നില്ല, പരസ്പരം സംവദിക്കാനും കഴിയുന്നില്ല. നടന്നു വന്ന സുഹ്യത്ത്‌ ദേഹത്തിനുള്ളിലൂടെ കടന്നു പോയപ്പോള്‍ മനസില്‍ ഒരു കൊള്ളിയാന്‍ മിന്നി. ഇങ്ങനെ ഒരു യന്ത്രത്തിലൂടെ സാധിക്കാവുന്ന നന്മകളുടെ ലിസ്റ്റിനൊപ്പം ആള്‍ക്കാരുടേയും സമൂഹത്തിന്റേയും സ്വകാര്യതയിലേയ്ക്കുള്ള എത്തിനോട്ടത്തെപ്പട്ടി ആലോചിച്ചപ്പോള്‍ ഞെട്ടലുണ്ടായി.

വീട്ടിലേക്കു നടന്നു നോക്കാന്‍ തന്നെ തീരുമാനിച്ചു. പുതിയ റോഡ്‌, പാലങ്ങള്‍, കലുങ്കുകള്‍, എല്ലാം ഒരു വ്യത്യാസവുമില്ലാതെ. രാവിലെ പെയ്ത മഴയിലാവണം, വെള്ളം അവിടവിടെ കെട്ടിക്കിടക്കുന്നു. കൊയ്തൊഴിഞ്ഞ പാടങ്ങള്‍ ഇരു വശവും. പാടത്തിനക്കരെയായി തെങ്ങിന്‍ തോട്ടങ്ങകളും വാഴത്തോപ്പുകളും. അകലെ കുന്നിന്‍ മുകളിലായി പടര്‍ന്നുകിടക്കുന്ന റബ്ബര്‍ മരങ്ങള്‍ക്ക്‌ വലിപ്പം കുറച്ചു കൂടിയോ... എതിരെ വരുന്ന പരിചയക്കാരോടും അയല്‍ വാസികളോടും സംസാരിക്കാനാവുന്നില്ലല്ലോ എന്നായിരുന്നു മനസില്‍. വീടിനടുത്തെത്തുന്തോറും നെഛിടിപ്പ്‌ കൂടി വന്നു.

പുറത്തെങ്ങും ആരേയും കണ്ടില്ല. പൂമുഖത്തെയ്ക്കുള്ള വാതില്‍ തുറന്നിരിക്കുന്നു. അകത്തെയ്ക്കു നോക്കിയാല്‍ ഏട്ടവും അകലെയായി അടുക്കളയ്ക്കടുത്തുള്ള വര്‍ക്ക്‌ ഏരിയ കാണാം. അമ്മയല്ലേ അവിടിരിക്കുന്നത്‌? കൂടെ 'ഭാരതപര്യടന'ത്തിനു പോയിരിക്കുന്ന വാമഭാഗവും. വല്ലാത്ത സന്തോഷം തോന്നി. അവരുടെ അടുത്തേയ്ക്കെത്താന്‍ ധ്യതിയായി. പെട്ടന്നു തന്നെ വീട്ടിനുള്ളിലേയ്ക്കു കയറാന്‍ തുടങ്ങി.

മഴയില്‍ നനഞ്ഞു കിടന്നിരുന്ന റബര്‍ ചവിട്ടു മെത്ത ആദ്യത്തെ കാല്‍ വയ്പ്പില്‍ത്തന്നെ തെന്നി മാറി. കൈകള്‍ ഒരു താങ്ങിനായി പരതി. കാലുകള്‍ മുന്നിലേയ്ക്ക്‌ മുകളിലേയ്ക്കുയര്‍ന്നപ്പോള്‍ തല പിന്നിലേയ്ക്ക്‌ താഴെയ്ക്ക്‌ അതിവേഗം വന്ന് ശക്തിയായി തറയിലേയ്ക്കമര്‍ന്നു. വേദന... വേദന... അമ്മേ...

പരവതാനിയുടെ നനുനനുപ്പ്‌ മുഖത്തറിയാം. ആരോ കുലുക്കി വിളിക്കുന്നു... "സര്‍, ആര്‍ യു ഓക്കേ..?" ഈ സ്യൂട്ട്‌ ധരിച്ചയാള്‍ ആരാണ്‌? എന്തിനാണ്‌ ചുറ്റും നടന്നു പോകുന്നവര്‍ എന്നെ തുറിച്ചു നോക്കുന്നത്‌? സോഫയില്‍ നിന്ന് എങ്ങനെയാണു ഞാന്‍ താഴെ വീണത്‌? ഞെട്ടിപ്പിടഞ്ഞെഴുന്നെറ്റ്‌ സ്ഥലകാല ബോധം വരുത്തി. തല തടവിക്കൊണ്ട്‌ സോഫയിലേയ്ക്കിരുന്നു.

സുസ്മേര വദനനായി അതാ വരുന്നു ജാപ്പനീസ്‌ സുഹൃത്ത്‌. പതിവു അഭിവാദങ്ങള്‍ക്ക്‌ ശേഷം അദ്ദേഹം പറഞ്ഞുതുടങ്ങി. നമുക്കു ഇന്നൊരു അത്ഭുത ലോകത്തു പോകണം, "മാജിക്കല്‍ റിയാലിറ്റി ക്യൂബ്‌..."

തല മെല്ലെ തടവി നോക്കി... വേദനയുണ്ടോ... അറിയില്ല...

"സോര്‍ സെ മാര്‍, അരേ യാര്‍..."

ഒരു എന്‍ എസ്‌ എസ്‌ കഥയുമായി തുടങ്ങാം. മലയാളികളുടെ മൂന്നാം ഭാഷയാണല്ലോ ഹിന്ദി. സ്ക്കൂള്‍-കോളേജ്‌ വിദ്യാഭ്യാസത്തിലെ "പഠിക്കുക, പ്രായോഗികമാക്കാതിരിക്കുക" എന്ന പഴമൊഴിക്ക്‌ ഒരു ഉത്തമോദാഹരണം. എന്നിരുന്നാലും വിദ്യാഭ്യാസത്തോടെ കേരളം വിടുന്ന യുവജനതയ്ക്ക്‌ ഹിന്ദിപഠനം ഒട്ടൊക്കെ സഹായകമാവാറുണ്ട്‌. ഉത്തരേന്ത്യയില്‍ "കോന്തന്‍ കൊല്ലത്തു" പോയ രീതിയില്‍ പോയി വന്നവര്‍ പോലും മലയാളനാട്ടില്‍ തിരിച്ചെത്തിയാല്‍പ്പിന്നെ ഹിന്ദിയിലേ ഉരിയാടൂ. "സാരേ ജഹാം സേ അഛാ - അച്ഛനെയൊക്കെ ഒന്നു കണ്ടിട്ടു പോകാമെന്നു വിചാരിച്ചു" എന്നത്‌ സധാരണക്കാരന്റെ പരിഭാഷ.

കോളേജില്‍ പഠിക്കുന്ന കാലത്താണ്‌. അവിചാരിതമായാണു "ഹോക്കിയില്‍ ഒരു കൈ നോക്കിയലോ" എന്ന് ഒരു ആഗ്രഹമുദിച്ചത്‌. ഹോസ്റ്റല്‍ മുട്ടത്തുള്ള ചെറിയ ഗ്രൌണ്ടില്‍ത്തന്നെയാണു പരിശീലനവും. കേരളത്തില്‍ അധികം പ്രചാരമില്ലാത്തതിനാലാവും, കാലാകലങ്ങളായി കോളേജിലെ ഹിന്ദി ഗ്രൂപ്പുകളുടെ അധീനതയിലണു ഹോക്കി. ഹോക്കി ടീമിലെ ഒന്നു രണ്ടു സുഹ്യത്തുക്കളെക്കണ്ടു സംസാരിച്ചപ്പോള്‍ ആത്മവിശ്വാസം കൂടി. ഹോക്കി ടീമാണെങ്കില്‍ പുതിയൊരു ഗോള്‍ കീപ്പറെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമയവും. ഗോള്‍ പോസ്റ്റില്‍ പന്തു കയറാതെ നോക്കുക എന്ന ചെറിയ കര്‍ത്തവ്യം മാത്രമേയുള്ളൂ താനും, എന്നാല്‍ ഒരു കളിയില്‍ പങ്കെടുത്തു എന്നൊരു ആനന്ദവും.

പാഡുകളും (പലരീതിയില്‍, പലയിടങ്ങളില്‍) ഹെല്‍മെറ്റുമൊക്കെ ധരിച്ച്‌ പുറത്തിറങ്ങിയപ്പോള്‍ അന്യ ഗ്രഹത്തില്‍ നിന്നു എത്തിയതുപോലെ! ഗോള്‍ പോസ്റ്റിനു ഇത്രയേ വലിപ്പമുള്ളോ എന്ന അതിശയം പന്തിന്റെ വലിപ്പവും സ്പീഡും കണ്ടപ്പോള്‍ വളരെപ്പെട്ടന്നു മാറി. ഫുട്ബോളില്‍ നിന്നു വ്യത്യസ്തമായി പന്ത്‌ പിടിക്കുകയല്ല, ശരീരത്തിന്റെ പല ഭാഗങ്ങളാല്‍ തട്ടിത്തെറിപ്പിക്കുകയാണു വേണ്ടതെന്നു മനസിലാക്കാന്‍ അധികസമയം വേണ്ടിവന്നില്ല.

ആദ്യത്തെ പരിശിലന തമാശകളൊക്കെക്കഴിഞ്ഞ്‌ ടീം കേര്‍ന്നുള്ള സീരിയസ്‌ കളിക്ക്‌ സമയമായി. മലയാളികളാണെങ്കിലും ഉത്തരേന്ത്യയിലെ സ്ക്കൂളുകളില്‍ പഠിച്ചു വന്നിരിക്കുന്ന 'മുറി മലയാളക്കാര്‍' ഉള്‍പ്പെടുന്ന ടീമിലായത്‌ ചതിയായോ എന്ന് തോന്നിയത്‌ ആശയവിനിമയം തുടങ്ങിയപ്പോഴാണു. തികച്ചും ശുദ്ധമായ ഹിന്ദിയില്‍ വളരെ ആയാസ രഹിതമായി ടീം മുഴുവന്‍ സംവദിക്കുന്നതു കണ്ടപ്പോഴാണു ചങ്കിടിപ്പ്‌ കൂടിയത്‌. "ഹാം ഹാം" "... നഹിം ഹെയ്‌ യാര്‍.." മുതലായ ചെറിയ കമന്റുകളൊക്കെ ഇറക്കി പിടിച്ചു നിലക്കാന്‍ ശ്രമിച്ചു.

കളി തുടങ്ങി. നല്ലവണ്ണം കളിക്കന്‍ അറിയാവുന്ന മുന്‍ നിരക്കാരും പിന്‍ നിരക്കോരും ഉള്ളതു കൊണ്ടുതന്നെ ആദ്യത്തെ കുറേ നേരം വലിയ പണിയൊന്നുമുണ്ടായില്ല. അടുത്തേക്കു വന്ന മിക്കവാറും പന്തുകളൊക്കെ ഗോള്‍ ആകാന്‍ സാധ്യതയില്ലാത്തതായിരുന്നതിനാല്‍ "ലീവ്‌" ചെയ്യുക, പിന്നെ പുറത്തു പോയ പന്ത്‌ എടുത്ത്‌ തിരിച്ചു കൊണ്ടു വരിക മുതലായവ ഭംഗിയായി നിര്‍വഹിച്ചു.

അപ്പോഴാണു നിനച്ചിരിക്കാതെ എതിര്‍ ടീമിന്റെ ഒരു പ്രത്യാക്രമണമുണ്ടായത്‌. സെന്റര്‍ സര്‍ക്കിളില്‍ നിന്നും പന്തു മുന്നിലേക്കിട്ടിട്ട്‌ കുതിച്ചു പാഞ്ഞ്‌ വരികായാണു എതിര്‍ ടീമിന്റെ നാഗേന്‌ദര്‍ സിംഗ്‌. പക്ഷെ പുള്ളി പന്ത്‌ മുന്നിലേക്ക്‌ "പുഷ്‌" ചെയ്തത്‌ അല്‍പ്പം വേഗത്തിലായിപ്പോയി. ഇപ്പോള്‍ ഗോളിക്കു മുന്നിലേക്കു നീങ്ങിയാല്‍ ഫോര്‍വേര്‍ഡിനേക്കാള്‍ മുമ്പേ പന്തു കൈക്കലാക്കാനുള്ള അവസരം. പിന്നെ ഒന്നും ആലോചിച്ചില്ല, ആകാവുന്നത്ര വേഗതയില്‍ മുന്നോട്ടു കുതിച്ചു. നാഗേന്‌ദറിനും പിന്നില്‍ ഓടി വരുന്നുണ്ട്‌ ഞങ്ങളുടെ ടീം ക്യാപ്ടന്‍ നരസിംഹന്‍. പുതിയ ഗോള്‍ കീപ്പറിനു ഒരു ധൈര്യം പകരാനെന്നോണം നരസിംഹന്‍ അലറിവിളിച്ചു: "മാര്‍... മാര്‍..." "സോര്‍ സെ മാര്‍, അരേ യാര്‍..."

ആദ്യം ചെവിയിലെത്തിയത്‌ "മാര്‍" എന്ന ശബ്ദമാണു. ആലോചിക്കാനോ വിവര്‍ത്തനം ചെയ്ത്‌ അര്‍ത്ത്ഥം കണ്ടുപിടിക്കാനോ ഉള്ള സമയം കിട്ടിയില്ല. പന്തിന്റെ ഗതിയില്‍ നിന്നും പെട്ടന്ന് ഒഴിഞ്ഞു "മാറി". എതിരാളിക്കും അത്ഭുതം. എങ്കിലും പിന്നാലെ ഓടിയെത്തി പന്ത്‌ നെട്ടിലേക്ക്‌ അടിച്ചുകയട്ടുന്നതില്‍ പുള്ളി അല്‍പ്പവും വീഴ്ച്ച വരുത്തിയില്ല. ഇത്ര എളുപ്പത്തില്‍ അടിച്ചകറ്റാവുന്ന പന്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ നരസിംഹന്‍ പറഞ്ഞതിലുള്ള പൊരുള്‍ അലോചിച്ചു നില്ക്കേ പിന്നില്‍ നിന്നും പതിഞ്ഞ സ്വരത്തിലുള്ള ഹിന്ദി "സുഭാഷിതം" അവ്യക്തമായി കേട്ടു.

പിന്നീടൊരിക്കലും ഹോക്കി കളിക്കണമെന്നു തോന്നിയിട്ടില്ല. ഹിന്ദി വരുത്തിയ ഒരു വിനയേ!
പലപ്പോഴായി പലവഴികളിലൂടെ "ഇപ്പോ എങ്ങും കാണാറില്ലല്ലോ" എന്നു കുത്തി നോവിക്കുന്ന ചുരുക്കം ചിലര്‍ക്കായി... പഴയകിയ ചിലതൊക്കെ പൊടിതട്ടിയെടുത്ത്‌ മുന്നില്‍ വയ്ക്കാം, എന്നത്തേയും പോലെ "നാളെ മുതല്‍"ക്കായി...