Wednesday, August 29, 2012

Dimond Necklace

"ലാല്‍ ജോസിന്റെ സംവിധാനം അല്ലേ മിനിമം ഗ്യാരന്റി ഉറപ്പാ..."
അത്ര പ്രതീക്ഷ ഇല്ലായിരുന്നു, എന്നാലും സിനിമ നന്നായി.
പൊതുവേ സുപ്പര്‍ സ്റാരുകളുടെ സാന്നിധ്യത്തില്‍ തകര്‍ന്നു പോകുന്ന സംവിധായകന്റെ മനോധൈര്യക്കുറവ്  ഈ സിനിമയ്ക്കില്ല.


എടുത്ത് പറയാവുന്നത് പുതുമുഖങ്ങളുടെ അഭിനയ മികവും പറയാന്‍ ശ്രമിക്കുന്ന മൂല്യങ്ങളുമാണ്. മലയാള സിനിമയുടെ ഭാവി തികച്ചും സുരക്ഷിതമാണെന്ന് തോന്നും വിധത്തിലാണ് ഗൌതമി നായരും അനുശ്രീയും അഭിനയിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍ വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ടു തന്നെ തന്മയത്വതില്‍ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു. വളരെ ഇരുത്തം വന്ന നടിയായി മാറിക്കഴിഞ്ഞിരിക്കുന്ന സംവൃത അവരുടെ വ്യക്തിജീവിതത്തിലെന്നപോലെ വളരെ ഗൌരവമേറിയ ഒരു ഭാഗം അവതരിപ്പിച്ചിരിക്കുന്നു.

പാട്ടുകളില്‍ ആദ്യത്തെ കൂത്താട്ടം ഒഴിച്ചാല്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചില ഗാനങ്ങളാവുമെന്നു സംശ യലേശമന്യേ പറയാം.  വിദ്യാസാഗരിന്റെ അമൂല്യമായ സംവിധാനത്തില്‍ എളിമയുടെ ഗോപുരത്തില്‍ നിന്ന് നജിം അര്‍ഷാദ് - അഭിരാമി അജയന്‍ പാടിയ പാട്ട് ശരിക്കും നമ്മെ തൊട്ടുണര്‍ത്തും. നിവാസ് എന്ന ശ്രീനിവാസ് ആദ്യമായി പാടിയതാണെന്ന് തോന്നാത്ത നിലാമലര്‍... പൊതുവേ പാട്ടുകാരിലെ പുതുമ പാട്ടിലും തെളിഞ്ഞുകാണാം.


സിനിമയെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഈയടുത്തകാലത്ത് "പുതിയ തലമുറ"കാണുന്നതരത്തിലുള്ള നിര്‍ഗളമായ പ്രവാഹമോ കല്ലുകടികളില്ലായ്മയോ ഇല്ലാത്ത സിനിമയാണിത്. അത്രത്തോളം വിശ്വസനീയമല്ല എന്ന് അര്‍ത്ഥത്തില്‍. എന്നാല്‍ അവിടവിടെയുള്ള ആ പ്രതീക്ഷയുടെ സ്ഫുരണങ്ങള്‍ ആര്‍ക്കും വിസ്മരിക്കാനാവില്ല. ഒരു സുഹൃത്തിന്റെ ആത്മാര്‍ത്ഥസ്നേഹം, പ്രണയത്തിന്റെ പല മുഖങ്ങള്‍ (ഭാര്യയുടെ, കാമുകിയുടെ, സുഹൃത്തിന്റെ) ഒരു രക്ഷകന്റെ തീവ്ര ശ്രമം അവസാന നിമിഷം വരെ മനുഷ്യ മനസ്സില്‍ തങ്ങി നില്‍ക്കുന്ന നന്മ അങ്ങിനെ പലതും.


സമയമുണ്ടെങ്കില്‍ കാണാം. കണ്ടില്ലെങ്കില്‍ വലിയ നഷ്ടം വരാനില്ല. പാട്ടുകള്‍ കേള്‍ക്കാന്‍ മറക്കരുത്.