Wednesday, October 26, 2011

മകളുടെ പകലുകൾ

അമ്മ: “ടീ, ഇവിടെ വാ”

മകൾ: “അമ്മേ, ഞാൻ “ടീ” അല്ല, ഞാൻ“ഈ” ആണ്.” വായുവിൽ കൈകൾ കൊണ്ട് എഴുതിയിട്ട്... “ഇങ്ങനെ... പിന്നെ ഇങ്ങനെ, ഇങ്ങനെ... ഇങ്ങനെ...”

++++++++++

മകൾ: “അച്ഛാ, എനിക്ക്  wings വേണം”
അച്ഛൻ: “എന്തിനാ മോളേ..!“
മകൾ: “എനിക്ക് പറക്കണം, അച്ഛാ...”
അച്ഛൻ:  "very good, മോളേ... മനുഷ്യർക്ക് ചിറകുകളുണ്ടാവില്ല. (അഭിമാനത്തോടെ) മോൾ ഒരു പൈലറ്റാവണം. അപ്പൊ എവിടെ വേണമെങ്കിലും പറക്കാം."
 മകൾ: “അയ്യേ, wings ഇല്ലെങ്കില് എനിക്ക് പൈലറ്റാവണ്ട. എനിക്ക് butterfly ആയാ മതി."

++++++++++

"അമ്മേ, ഈ ഫോണിൽ സ്ക്രാച്ച് വീണു..."

"ടീ... അതെടുത്ത് വച്ച് കളിക്കരുതെന്ന് പറഞ്ഞിട്ടില്ലേ..."

"അമ്മേ, ഞാനല്ല... ഈ ആങ്രി ബേർഡ്സ് അങ്ങോട്ടും ഇങ്ങോട്ടും പറന്നപ്പോൾ പറ്റിയതാണ്..."
++++++++++

"മോളെ, ഭക്ഷണം കഴിക്കൂ, വളർന്ന് വലുതാകണ്ടേ?"
...
...

"അച്ഛാ..."

"എന്താ മോളേ..."

"ഭക്ഷണം കഴിച്ചിട്ടും അച്ഛൻ വളരുന്നില്ലല്ലോ, പിന്നെന്തിനാ ഭക്ഷണം കഴിക്കുന്നേ...?

++++++++++


"മോള്  പേര്  ആലോചിച്ചോ..?"

"ആലോചിച്ചു..! ഷീല... നമ്മുടെ ഷീല കി ജവാനിയിലെ പോലെ..."

"അയ്യേ സിനിമയിലെ പേര് വേണ്ട മോളെ... മോള് "യു" വില് ഉള്ള ഒരു പേര് പറയാമോ?"

"യു" വോ? ... ങ്ങും... കിട്ടി... ക്യൂട്ടി! അങ്ങനെയായാലോ? 

"അയ്യോ... പക്ഷെ "യു"വില്  തുടങ്ങേന്റെ  മോളെ?"

"ങ്ങും... ആ... അങ്ങനെയാണെങ്കില് യുണികോണ് എന്നായാലോ..!"

"..."

+++++++++++

മോളെ ആ ഭിത്തിയില് ചാരരുത്... അവിടെ മുഴുവന് അഴുക്കല്ലേ...

സാരമില്ലമ്മേ... തലയിലെ പേന് മുഴുവന് ഭിത്തിയില് കേറിക്കോളും...

++++

മോളെ നീ എന്താ ഇങ്ങിനെ? ഒന്നുകില്‍ ഇംഗ്ലീഷില്‍ മാത്രം സംസാരിക്കുക, അല്ലെങ്കില്‍ മലയാളത്തില്‍ മാത്രം. അല്ലാതെ വെറുതെ ചില അവതാരികമാരെപ്പോലെ..
"അവരാ... "വാട്ട്‌"?
.....
" ഓക്കെ, ശരിയച്ചാ... ഈ ബാത്ത് ടബ്ബിന്റെ ഇംഗ്ലീഷ് എന്താ? അല്ലെങ്കില്‍ വേണ്ട, ഈ ഹെഡ് ഫോണിന്റെ?
....
....

++++

Wednesday, July 20, 2011

മറ്റൊരു മൊബൈലിന്റെ കഥ

"അതിമനോഹരം. പ്രകടനം (performance)അത്യുജ്ജ്വലം.

പൊതുവേ ഒരു വിമർശന ചിന്തഗതിക്കാരനായ ജയചന്ദ്രൻ ഇത്രയും പുകഴ്ത്തിയപ്പോൾ ജിജ്ഞാസ തികച്ചും വർദ്ധിച്ചു.


Samsung Galaxy SII നെപ്പറ്റിയാണ്‌. Android ഫോണുകളിൽ അതികായനായി, apple ന്റെ, "ഏറ്റവും കുറഞ്ഞ സമയത്തിൽ ഏറ്റവും കൂടുതൽ" എന്ന റെക്കാഡിനെ തകർത്തവൻ (2 മാസത്തിൽ 30 ലക്ഷം), 1.2ഗിഗാHz വേഗതയിൽ ഇരട്ട ഹൃദയവുമായി (dual core) ബഹുക്രിയകളിൽ (multi taksing) കേമനായി, ഫ്ലാഷ് ടെക്നോളജിയുമായി, ഐഫോണിൽ4 നിന്ന് ബഹുദൂരം മുന്നിൽ നിൽക്കുന്നവൻ.


എന്നാൽപിന്നെ... സിങ്ങ്ടലിന്റെ പ്ലാൻ ഇതാ തീർന്നിരിക്കുന്നു. പ്ലാൻ പുതിക്കുമ്പോൾ സ്വീകരിക്കേണ്ട സാമാന്യ നിയമങ്ങൾ (പൈസ കൊടുക്കാതെ ഫോൺ വാങ്ങുക) മുതലായ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി. രണ്ടുവർഷത്തിലൊരിക്കലല്ലേ... പിന്നെ ഫോൺ ഉമയ്ക്കല്ലേ, വല്ലപ്പോഴുമെങ്കിലും ഇങ്ങനെയുള്ള സമ്മാനങ്ങൾ നൽകണമല്ലോ... (ഇങ്ങനെ തന്നെയല്ലേ ഐഫോണും ഐപാഡും മാക് എയറുമെല്ലാം ക്രെഡിറ്റ് കാർഡിൽ മാസം തോറും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്‌..? ഒട്ടും ഓർമ വരുന്നില്ല) ന്യായീകരണങ്ങൾക്ക് ഒരു പഞ്ഞവുമില്ലല്ലോ...

പൊതുവേ സ്റ്റാർഹബിന്റെ കസ്റ്റമർ സർവീസിന്റെ അടുത്തെങ്ങുമെത്തില്ല സിങ്ങ്ടലിന്റെ പിള്ളേർ. ഇത്തവണ "ഹല്ലോ ഷോപ്പിൽ" പത്തു മിനിറ്റിൽത്തന്നെ ക്യൂവിനു മുന്നിലെത്തിയപ്പോഴും ഇത്രയും വലിയൊരത്യാഹിതമാണ്‌ മുന്നിലെന്ന് സ്വപ്നേപി വിചാരിച്ചില്ല.

"നമസ്കാരം സർ. ഈ ഫോൺ സെലക്ട് ചെയ്തിരിക്കുന്നതിലൂടെ സർ ഏറ്റവും നല്ല ഒരു തീരുമാനമാണ്‌ എടുത്തിരിക്കുന്നത്!" പതിവ് പുച്ഛമില്ലാതെ ചൈനക്കാരനായ ഏജന്റ് ഹൃദയം തുറന്ന് ചിരിച്ച് കൊണ്ട് സ്വാഗതം ചെയ്തപ്പോൾ ചെറിയ ഒരു സംശയം തോന്നാതിരുന്നില്ല. എങ്കിലും ഒരു ചൈനക്കാരൻ അംഗീകരിച്ചതിൽ തികച്ചും അഭിമാനം തോന്നുകയും നിന്ന നില്പിൽ ഒരു പതിമൂന്ന് സെന്റിമീറ്റ്ർ ഉയരുകയും ചെയ്തു. ഇടതു ഭാഗത്ത്‌ നിന്നിരുന്ന ഉമയെ "ഞാനിതൊന്നും നേരത്തെ പറഞ്ഞില്ലന്നേയുള്ളൂ" എന്ന മട്ടിൽ ഒന്നു നോക്കി.

എല്ലാം പെട്ടന്നായിരുന്നു. വ്യവഹാരങ്ങൾക്കൊടുവിൽ, നിസംഗയായി നിൽക്കുന്ന ഉമയെ നോക്കി ഈ വർഷത്തേയ്ക്ക് കരുതിവച്ചിരുന്നത് അവൻ പ്രയോഗിച്ചു.

"ഓ, ഫോൺ സാറിന്റെ മകൾക്കായിരുന്നല്ലേ..?"


ഭൂമി പിളർന്നു താഴേക്ക് വീഴുന്ന കൂട്ടത്തിൽ ആ പതിമൂന്ന് സെന്റിമീറ്ററിലേയ്ക്ക് ഉമ ഉയരുന്നത് ഒരു മിന്നായം പോലെ കണ്ടു.


+++++++

എന്നാലും ഫോൺ ഗംഭീരം.