"കണ്‍ ഗ്രാജുലേഷന്‍ സ്..."
ഡോക്ടര്‍ കൈപിടിച്ച് ആശ്ലേഷിച്ചു. "കുട്ടി പിറന്നു.., ഇനി ടെന്‍ഷന്‍ വേണ്ട"
"ഒപ്പം ഒരു കണ്ടോളന്‍ സ് കൂടി.., ...കുട്ടി പെണ്ണാണു."
ഡോക്ടര്‍ തുടര്‍ന്നു. അരരസികനെന്കിലും അല്പം അരോചകത്വം തോന്നാതിരുന്നില്ല. പുറത്തുകാണിക്കാതെ ഒരു ചിരി പാസ്സാക്കി.
"നിറം അല്പം കറുത്തിട്ടാണു.., അതുകൊണ്ട് ഒട്ടും പേടിയ്ക്കാനില്ല."
അദ്ദേഹം വിടുന്ന ഭാവമില്ല. മുഖത്തുണ്ടായിരുന്ന അല്പം ചോര കൂടി താഴേയ്ക്ക് വലിഞ്ഞു.
"..മ്ഹ്..." എന്തോ ഒരു ശബ്ദം പുറത്തുവന്നു.
സിസ്സേറിയന്റെ ക്ഷീണത്തില്‍ നിന്നുണരുന്നതേയുള്ളൂ...
"പെണ്‍ കുട്ടിയാണണു..." കുറ്റബോധം കൊണ്ടെന്ന പോലെ, ക്ഷീണിച്ച ഒരു ശബ്ദം. സ്കാനിങ്ങില്‍ അറിയാതിരുന്നത് എത്ര നന്നായി. പത്തുമാസം സമാധാനമായി ജീവിച്ചല്ലോ....
" ..മ്" ക്ഷീണിക്കാത്ത മറ്റൊരു ശബ്ദം.
ആദ്യം വന്നത് ഒരുപാടുനാളായി കാത്തിരിക്കുന്ന അനന്തിരവനാണു്.
"അയ്യേ, ഇതാണോ... ഇത്ര ചെറുതോ? ഇതെന്താ കാണാന്‍ ഒരു രസവുമില്ലാതെ..? ഇതൊന്ന് വലുതായി ഇനിയെന്ന് കളിക്കാന്‍ തുടങ്ങും..!"
പിള്ള മനസ്സില്‍ കള്ളമില്ലല്ലോ...
"ടാ..."
മുഖം തരാന്‍ ചെറിയ മടിയോടെ ചെറുമകനെ ദൂരേയ്ക്കു മാറ്റുന്ന അമ്മുമ്മ.
"ആ കണ്ണുകള്‍ കണ്ടില്ലേ, അമ്മയേപ്പോലെ തന്നെ. എന്തു നന്നായിരിക്കുന്നു... "
ആശുപത്രിമുറിയുടെ വാതിലിലെത്തിയപ്പോള്‍ അകത്ത് ബന്ധുക്കളുടെ നടുവില്‍ അമ്മയും കുഞ്ഞും.
"ആ മൂക്കു മാത്രം അവന്റെയാണെന്നു തോന്നുന്നു, അല്പം ചപ്പിയിരിക്കുന്നത് കണ്ടില്ലേ!"
"അവന്‍ " അകത്തുകയറിയെന്ന് മനസിലാക്കാതെയുള്ള ആത്മഗതം. ജ്യ്ള്യത മറച്ച് കൂട്ടത്തില്‍ ചേര്‍ ന്നു.
"നിന്റെ ഒരു നിറവും മോള്ക്ക് കിട്ടിയില്ല, അവളെപ്പോലെ, ഇരുണ്ടിട്ട്.., പക്ഷേ നിന്റെ ആ വിശാലമായ നെറ്റിയും ഉയര്‍ ന്ന മൂക്കും കിട്ടിയിട്ടുണ്ട്."
ഭാര്യ ചെക്കപ്പിനിറങ്ങിയ അവസരം മുതലാക്കി ചെറിയമ്മ സഹതപിച്ചു. "..മ്ഹ്.." രണ്ടു ദിവസത്തിനുള്ളിലാണെന്കിലും ഒരുപാട് തവണ ഒരുപാട് പേരോട് പ്രതികരിച്ച ശബ്ദം അനായാസം വഴങ്ങി.
"അഭിനന്ദനങ്ങള്‍ ! നമുക്കു ഒരു 'പെണ്‍ കുട്ടികളുടെ അച്ഛന്മാ'രുടെ ഗ്രൂപ്പ് തുടങ്ങിയാലോ"
മൂന്നാമതും പെണ്‍ കുട്ടിയുണ്ടായ ഒരു അഛ്ചന്‍.
"നല്ലതാണ്."
എന്നാലും ഇത്രയും നേരത്തേ വേണോ? ഭാഗ്യം, പിന്നീട് അതിനെക്കുറിച്ച് സംഭാഷണം ഉണ്ടായില്ല.
"സത്യത്തില്‍ പെണ്‍ കുട്ടികളാണ്‍ നല്ലത്. ഇതാ എന്റെ ഇരട്ടക്കുട്ടികളെ നോക്കൂ, ഇപ്പോള്‍ പത്ത് വയസ്സാകുന്നു. എന്കിലും ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ എന്നും ഓടി വന്ന് അന്വേഷിക്കുന്നത് മോളാണ്‍. മോന്‍ ഒന്നു തിരിഞ്ഞ് നോക്കും, അത്ര തന്നെ! വയസ്സ് കാലത്ത് സഹായത്തിന്‍ പെണ്‍ കുട്ടികള്‍ മാത്രമേ കാണൂ..."
കേരളത്തിലാണെന്കിലും വളരെ വഷങ്ങളായി നഗരത്തില്‍ താമസമാക്കിയ ഒരു സുഹൃത്തിന്റെ വിലയിരുത്തല്‍...
"ശരിയാണ്!.."
"എനിക്ക് ...കുട്ടീടെ അനിയനെയാണിഷ്ടം. ഇനി എന്നാ അനിയനേയും കൊണ്ട് വരുന്നത്!"
സുഹൃത്തിന്റെ നാലുവയസ്സായ മകന്റെ ശബ്ദം നിശ്ശബ്ദമായിക്കൊണ്ടിരുന്ന പാര്‍ ട്ടിയെ പിന്നെയും സജീവമാക്കി. ചോദ്യം പലവിധത്തില്‍ ആവര്‍ ത്തിച്ചുകൊണ്ടിരുന്ന മകനെ റ്റി വി പരസ്യത്തില്‍ കണ്ട കുട്ടിയെയെന്ന പോലെ സുഹൃത്ത് പായ്ക്ക് ചെയ്തു.
ഞങ്ങള്‍ പരസ്പരം നോക്കി.
"ആയ്യോ ഇതു വരെ നീന്തിത്തുടങ്ങിയില്ലേ?എന്റെ വലിയമ്മയുടെ അമ്മാവന്റെ അനന്തിരവന്റെ മകള്‍, മൂന്നുമാസം കഴിഞ്ഞപ്പോള്ത്തന്നെ നീന്തിത്തുടങ്ങി. എട്ടാം മാസത്തില്‍ നടന്നും തുടങ്ങി. ഡോക്ടറെ കാണിച്ചില്ലേ?"
മറ്റുള്ളവരുടെ കാര്യ്ത്തില്‍ വളരെ ഉത്സുകിയായ ഒരു അമ്മ.
"ഒരു വയസ്സിലേ നടന്നുള്ളൂ? എന്റെ അനിയത്തിയുടെ മോള് ഒമ്പതാം മാസത്തില്‍ തന്നെ നടന്നൂന്ന്. പെണ്‍ കുട്ട്യോള് എത്രപെട്ടന്നാ ഓരോന്ന് പഠിയ്ക്യാ..." പതിനാറാം മാസത്തില്‍ മാത്രം മകന്‍ നടന്നു തുടങ്ങിയ മറ്റൊരമ്മ.
മൂന്നാമതും പെണ്‍ കുട്ടിയാണെന്ന് പരിശോധനയില്‍ അറിഞ്ഞതിന്‍ നാലു വയസ്സുള്ള രണ്ടാം മകളുടെ പ്രതികരണം "ഓ... മമ്മീ, നോട്ട് എഗൈന്‍ ..." എന്നായിരുന്നു എന്നു ചൈനീസ് സഹപ്രവര്‍ ത്തക. "ആണ്‍ കുട്ടികള്‍ ക്ക് ചൈനീസ് രീതിയില്‍ ചില ക്രമങ്ങളൊക്കെയുണ്ട്, ശ്രമിയ്ക്കൂ ..." എന്നുപദേശിച്ച പാവം അടുത്തമാസത്തില്‍ നാലാം പെണ്‍ കുഞ്ഞിന്റെ അമ്മയാകുന്നു. ചേച്ചിമാരുടെ പ്രതികരണം എന്തായിരുന്നു എന്നു ചോദിക്കാന്‍ ധൈര്യം വന്നില്ല.
ഒരു സാധാരണ പരിചയപ്പെടല്‍ മിക്കവാറും ഇങ്ങനെയാകും
"കുട്ടികള്‍ ...?"
"ഒരാളേയായിട്ടുള്ളൂ.."
തൊണ്ണൂറു ശതമാനവും അടുത്ത ചോദ്യം ഇങ്ങനെയാവും
"ആണ്‍ കുട്ടിയാ?"
അതുകൊണ്ട് ഒരു "പ്രി-എമ്റ്റീവ്" ഉത്തരവുമായി ആദ്യത്തെ ചോദ്യത്തിന്‍ തയ്യാറാവുന്നു
"കുട്ടികള്‍ ...?"
"ഒരു പെണ്‍ കുട്ടി. ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്."
സന്തോഷം.
തൊട്ടാല്‍ പൊള്ളുന്ന വാശിയുമായി നടക്കുന്ന കൊച്ചേ, ഞങ്ങളെന്തോരം ടെന്‍ഷനാ അനുഭവിക്കുന്നെന്ന് നീ അറിയുന്നുണ്ടോ!