Monday, August 7, 2017

വാഹുവലി

ഇന്ത്യൻ സിനിമാ രംഗത്തെ മഹാത്ഭുതം ബാഹുബലി ൨ ഈയടുത്താണ് കാണാനുള്ള ഭാഗ്യമുണ്ടായത്.

ആയിരവും രണ്ടായിരവും കോടി വരുന്നതിൽ എന്തത്ഭുതം. ഒരത്ഭുതവുമില്ല. ഒരുകാലത്ത് "മ" പ്രസിദ്ധീകരണങ്ങളും പിന്നെ അവയുടെ ദൃശ്യാവിഷ്കാരങ്ങളുമല്ലേ ഏറ്റവും വലിയ വിനോദച്ചരക്കുകൾ. ഇപ്പോൾ ബാഹുബലിയും.

പക്ഷെ ഈ ലോകമായ ലോകം മുഴുവൻ ഇത് ഇന്ത്യൻ സിനിമയിലെ മഹാത്ഭുതമാണ് എന്ന് കൊട്ടിഘോഷിക്കുന്നതും ഇന്ത്യൻ ഗവൺമെന്റ് തന്നെ ഏറ്റവും മികച്ച സിനിമയായി തെരഞ്ഞെടുക്കുന്നതും അല്പം കടന്ന കൈ തന്നെയല്ലേ! ആ സിനിമയിൽ നിന്ന് അതിന്റെ ദ്ര്യശ്യ വിസ്മയങ്ങളെ മാറ്റിയാൽ ഏഷ്യാനെറ്റിലെ ഒരു സാധാരണ സീരിയലിനപ്പുറം വരുമോ എന്നറിയില്ല. കുശുമ്പും കുന്നായ്മയും ഏഷണിയും കുതികാൽ വെട്ടും. അവസാനമല്ല ആരംഭമാണത്രെ ബാഹുബലി. ശരിയാണ്, പുതിയ സിനിമകൾ എടുക്കാനിറങ്ങുന്നവർക്ക് ശരിക്കും ഒരു പാഠമാണ് ഇത്.

ടെക്‌നോളജി ഗംഭീരം. അഞ്ചു വര്ഷം മുന്പാണെങ്കിൽ വർഷങ്ങൾ കൊണ്ട്, അനേകായിരം കംപ്യൂട്ടറുകൾ കൊണ്ട് മാത്രം സാക്ഷാത്കരിക്കാവാവുമായിരുന്ന കംപ്യുട്ടർ ഗ്രാഫിക്സ് വിദ്യകൾ ഇപ്പോൾ സാധാരണമായിരിക്കുന്നു. അതിരില്ലാത്ത ദൃശ്യഭാവനമാത്രം കൈമുതലായുണ്ടായാൽ മതി.  അതി മനോഹരങ്ങളായ  ദൃശ്യങ്ങളെ കോർത്തിണക്കിയും കൂട്ടിയോജിപ്പിച്ചും  ശബ്ദഘോഷങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ചും കണ്ണിനു കുളിമയേകുന്ന ഒരു മഹാത്ഭുതം വിരിപ്പിച്ച കംപ്യൂട്ടർ വിദഗ്‌ധരുടെയും അവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നല്കിയവരുടെയും വിജയം. കാഴ്ച്ചയ്ക്കപ്പുറം ഒന്നുമില്ലാത്ത മായിക ലോകം.

സുധാകർ മംഗളോദയവും ജോയ്സിയും ചെയ്ത ധർമ്മവും ഇത് തന്നെ. സാധാരണക്കാരന്റെ സഹജമൃദുവാസനകളെ ഉപരിതലസ്പർശിയായി ഇക്കിളിപ്പെടുത്തിക്കൊണ്ട് കടന്നുപോവുക.  ഇപ്പറഞ്ഞ എഴുത്തുകാരൊന്നും മോശക്കാരേ അല്ല, അങ്ങനെ വരുത്തിത്തത്തിനിരക്കാനല്ല എന്റെ ശ്രമവും. പക്ഷെ മലയാളത്തത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരെ എടുത്താൽ ആഴ്ച തോറും ലക്ഷോപലഷം പേര് വായിച്ചു തള്ളിയ ഇവരുടെ സ്ഥാനം എവിടെയാണ്! ഇത്തരം എഴുത്തുകൾ വായനയിലൂടെ നൽകിയ സുഖം, ഇപ്പോൾ പ്രമുഖ ദൃശ്യമാധ്യമങ്ങൾ പരന്പരകളിലൂടെ തരുന്ന സുഖം. അവയ്ക്കുള്ള അതെ സ്ഥാനമാണ് ബാഹുബലിക്കും ലഭിക്കേണ്ടത്.

ശ്രീ. അടൂർ, താങ്കളിപ്പോഴും ഏതോ മായാലോകത്താണെന്നു തോന്നുന്നു. എന്ത് വിഡ്ഢിയാണ് താങ്കൾ. രാജാവ് നഗ്നനാണ് എന്ന് പറയുന്നവരുടെ കഴുത്തരിഞ്ഞ് വയറുകീറി കുടൽ മാലയെടുക്കും. ഓർമ്മയിരിക്കട്ടെ, ഇനി ആവർത്തിക്കരുത്. പഴഞ്ചൻ.

മക്കൾക്ക് ടോം & ജെറി ഇപ്പോൾ കാണുകയേ വേണ്ട. പകരം ബാഹുബലിയുടെയും പുലിമുരുകന്റെയും തീം സോങ്ങുകൾ മാത്രം മതി. 

No comments: