Friday, October 26, 2018

ഇടതിന്റെ നിറം, വലതിന്റെയും

ഇടതിന്റെ നിറം, വലതിന്റെയും

(ബാദ്ധ്യതാ നിരാകരണം: നിഷ്പക്ഷ അഭിപ്രായ പ്രകടനം എന്നൊന്നില്ല എന്ന് ഏതാണ്ട്  അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ഏതൊരഭിപ്രായത്തെയും നിലവിലുള്ള ഏതെങ്കിലുമൊരു വികട രാഷ്ട്രീയക്രമത്തിൽ  കൊണ്ടുചെന്ന് കെട്ടിയിടുകയും ചെയ്യുന്ന സാമൂഹ്യാന്തരീക്ഷത്തിൽ ഈ കുറിപ്പിന്പ്ര ത്യകിച്ച് പ്രയോജനമോ പ്രസക്തിയോ ഇല്ല. എന്നാലും.) 

പരാജയപ്പെട്ട ഒരു സാമൂഹിക പരീക്ഷണമെന്ന് പരക്കെ അറിയപ്പെടുന്ന കമ്യൂണിസത്തോടുചേർത്ത് തന്നെ "ഇടതു" ചിന്താഗതി അറിയപ്പെടണമോ എന്നതാണ്. "സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം" എന്ന ചിന്തയിൽനിന്ന് ഉരുത്തിരിഞ്ഞ "എല്ലാ മനുഷ്യരും തുല്യരാണ്" എന്ന വിചാരം കമ്യൂണിസമില്ലാതെയും നിലനിൽക്കുന്നതല്ല? 

എന്ന് വിചാരിച്ച്, പൊതുവെ പാരമ്പര്യത്തിലും പൗരോഹിത്യക്രമങ്ങളിലും മാനുഷിക മാനുഷികവ്യതിയാനങ്ങളിലുമൂന്നിയതും എല്ലാ മനുഷ്യരും പ്രകൃതിനിയമങ്ങളാൽത്തന്നെ തുല്യരല്ല എന്ന് വിശ്വസിക്കുന്ന വലത് ചിന്താ പാരമ്പര്യത്തിലും തെറ്റൊന്നുമില്ല. അത് മറ്റൊരു ചിന്താ രീതി അത്ര മാത്രം. 

രണ്ടും അറ്റങ്ങളിലേയ്ക്ക് നീങ്ങുമ്പോഴാണ് ഓരോന്നും എന്തിനുവേണ്ടിയാണോ നിലകൊള്ളുന്നത് അവയൊക്കെത്തന്നെ വിഴുങ്ങി ഏകാധിപധ്യ പ്രവണതകളിലേയ്ക്കും അതിക്രൂരമായ സ്വേച്ചാധിപത്യ നടപടികളിലേയ്ക്കും 

ശക്തമായ വലതുപക്ഷ വാദം അവസാനിക്കുന്നത് രാഷ്ട്രീയ അതിർത്തികളുടെയോ ഭാഷയുടെയോ പ്രത്യേക മതവിഭാഗത്തന്റെയോ പേരിൽ കെട്ടിപ്പൊക്കിയ ദേശീയതയുടെ മറവിലുള്ള ഭരണകൂട ഭീകരത യിലായിരിക്കും. ക്രൂരമായ ഇടതു ഉദാഹരണങ്ങൾ എവോളം.  

ദേശീയത എന്റെ ആത്മീയ അഭയമല്ല, എന്നു തുടങ്ങുന്ന ടാഗോറിന്റെ വരികൾ ഇവിടെ വളരെ പ്രസക്തമാണ്...
Patriotism cannot be our final spiritual shelter; my refuge is humanity. I will not buy glass for the price of diamonds, and I will never allow patriotism to triumph over humanity as long as I live. 
ഇവിടെ

Sunday, February 18, 2018

ആധി

ആധി

ഒരു അക്ഷരം മാറിപ്പോയി. ഇതെപ്പോഴെങ്കിലും ഒന്നു തീരുമോ എന്ന ആധിയിലാവണം  എപ്പോഴും കാഴ്ചക്കാർ എന്നതാവണം സംവിധായകൻ ഉദ്ദേശിച്ചത്.

പ്രണവിന്റെ നിഷ്കളങ്കമായ ഭാവപ്രകടനങ്ങൾക്കോ തന്മയത്വമുള്ള കായിക മികവിനോ ആദിയുടെ ദുർബലമായ കഥയെയും നാടകീയമായ തിരക്കഥയെയും കവച്ചുവയ്ക്കാൻ  കഴിഞ്ഞില്ലെന്നത് വലിയൊരു മേന്മ തന്നെ. സിദ്ദിക്കിന്റെയും ലെനയുടെയും അച്ഛനമ്മമാർ ഒരു ഇരുപത് വർഷം മുൻപായിരുന്നെകിൽ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയേനെ. ഭാവാദിപ്രകടനങ്ങൾക്കുള്ള ഒരു പ്രത്യേക ജൂറി പരാമർശമെങ്കിലും. മേഘനാഥന്റെ മണിയണ്ണനും "ന്യൂജെൻ" സിനിമയിലേക്കുള്ള ദൂരം അതിവിദൂരമാണെന്ന് ശക്തിയുക്തം സ്ഥാപിക്കുന്നു. അനുശ്രീയും ഷറഫുദ്ദീനും സ്വാഭാവിക അഭിനയ മികവിലൂടെ ആധി കുറയ്ക്കാൻ ശ്രമിക്കുന്നത് ഒട്ടും അഭിലഷണീയമല്ല. ഹാസ്യത്തിന്റെ ഒരു ചെറിയ മേമ്പൊടിയെങ്കിലും കൊണ്ടുവരാൻ ശ്രമിച്ചത് സിനിമയുടെ ഒഴുക്കിന് ശരിക്കുമൊരു വിഘാതമാവുകയാണ്.

മൂന്ന് മണിക്കൂർ സിനിമാശാലയുടെ കൊടും തണുപ്പിൽ ചെലവഴിക്കാൻ ഒരു മടിയുമില്ലാത്തവർക്കായി ഒരുപാട് മനോഹര ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീ മോഹൻലാൽ തന്നെ പ്രത്യക്ഷപ്പെട്ട് സിനിമയെപ്പറ്റിയുള്ള ചില സത്യങ്ങൾ അരുളിച്ചെയ്യുന്നു. പ്രത്യേകിച്ചോരു  കരാറും ഇല്ലാത്തതുപോലെ ഇടയ്ക്കിടെ "കോൺഫിഡന്റ് ഗ്രൂപ്പ്; കോൺഫിഡന്റ് ഗ്രൂപ്പ്" എന്ന് പറയുകയും ഡോ. റോയിയെ ഒരു പാവയായി അവതരിപ്പിക്കുകയും ചെയ്യുന്നു. കൃത്യമായ ഇടവേളകളിൽ വളരെ പ്രവചനാത്മകമായി പാട്ടുകളുണ്ടാവുക എന്നതിലധികം ഒരു സിനിമയിൽ നിന്ന് നാമെന്ത് പ്രതീക്ഷിക്കണം? ആന്റണി പെരുമ്പാവൂരും, എന്തിന് ജിത്തു ജോസഫും വരെ ജനം ആസ്വദിച്ചുകൊള്ളട്ടെ എന്ന ഔദാര്യത്തോടെ ദർശന സൗഭാഗ്യം സാധ്യമാക്കുന്നു. പ്രേം ചേട്ടൻ മാത്രം (ഉറങ്ങാതെ) പിടിച്ചിരുന്ന് "ഇതാ ഇനി മിഷൻ ഇമ്പോസ്സിബിളിലേതുപോലെ" എന്ന് ഇടയ്ക്കിടെ പറയുകയും അതിനു നാലയലത്തെങ്ങുമെത്താത്ത ഭാവനാത്മകതയെയും സാക്ഷാത്കാരത്തെയും കണ്ട് നെടുവീർപ്പിടുകയും ചെയ്തു.

പ്രത്യേകിച്ച് ഒരു ഗുണവുമുണ്ടായില്ല എന്ന് പറയാനാകില്ല. "പൗകൗ" (Parkour) എന്നത് സൈനിക പ്രതിബന്ധ പരിശീലനത്തിൽ നിന്നും ഉരുത്തിഞ്ഞ ഒരു (obstacle training)  അഭ്യാസ വിദ്യയാണെന്നും (ഊർമി - 21 -ആം നൂറ്റാണ്ടിൽ ജനിച്ചവർ ഈ കോപ്രായം അറിയാതിരിക്കുന്നത് നാണക്കേടാണ് ) അത് കേരളത്തിലുടനീളം പ്രചുര പ്രചാരം നേടിയ ഒരു വിനോദവൃത്തിയാണെന്നുമുള്ള സത്യം. വാട്സ്ആപ് സന്ദേശങ്ങൾ പിന്തുടർന്ന് കടക്കാരെ കുടുക്കുന്ന വിദ്യ ബാംഗ്ലൂരിൽ എന്നേ പ്രാവർത്തികമായിരിക്കുന്നു എന്നത്. ഗോൽക്കൊണ്ടാ ഫോർട്ട് ബാംഗ്ലൂർ സിറ്റിയുടെ പാർശ്വഗ്രാമമാണെന്നുള്ള ഭൂമിശാസ്ത്രവിജ്ഞാനം. ടെക് സപ്പോർട്ടിൽ ജോലിയിലിരിക്കെ പിരിച്ചുവിടപ്പെട്ടവർ, സാധാരണ, ഗോൾഫിൽ റിലാക്സ് ചെയ്യുന്ന പതിവ്...   അങ്ങനെ പലതും. 

ആദി  ഒരു മോശം സിനിമയല്ല. ആദി ഒരു നല്ല സിനിമയാണെന്ന് പറയാനുള്ള കാരണങ്ങൾ ഒരു ഗവേഷണപ്രബന്ധത്തിനുള്ള വഴിയുള്ളതാണ്. പ്രത്യേകിച്ച് ഇതിലെ ഏറ്റവും മനോഹര നിമിഷങ്ങൾ (ഉമ ) മുപ്പത്തിയെട്ടുവർഷം മുൻപ് പുറത്തുവന്ന സിനിമാഗാനം അത്യന്താധുനിക സാമഗ്രികളോടെ (നജിമിന്റെ?) ശബ്ദലേഖനം ചെയ്‌തു കേൾക്കുന്നവയാകുമ്പോൾ.

പ്രണവ്. ഭാവി സിനിമകൾക്ക് ആശംസകൾ. ആവർത്തനവിരസവും ഭാവനാശഊന്യവുമായവയിൽ നിന്ന് ഓടി രക്ഷപ്പെടുക. അച്ഛനായാലും അച്ഛൻറെ നിർമാണമായാലും അപ്പൂപ്പാന് ആനയുള്ള സംവിധായകനായാലും. അല്ലെങ്കിൽ സിനിമയിറങ്ങുന്നതിനു മുൻപെഴുതിച്ച "പ്രണവ് ഫാൻസ്‌ അസോസിയേഷൻ" എന്ന്ആദ്യം കാണിക്കുന്ന ബോർഡ് അകത്ത് വച്ച് പൂട്ടാൻ പുതിയ മുറി കെട്ടേണ്ടതായി വരും.